ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ ആക്രമണം; 10 ഇന്ത്യക്കാർ രക്ഷപ്പെട്ടു, ഒരാളെ കാണാനില്ല

 
World

ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൈപ്രസ് പതാകയുള്ള ജി.എഫ്.എസ് ഗാലക്സി എന്ന ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ ഇപ്പോഴും കാണാതായതായി കേന്ദ്ര സർക്കാർ അറിയിച്ചു. 

ആക്രമണത്തിൽ കപ്പലിന് ഗുരുതര നാശനഷ്ടമുണ്ടാവുകയും എൻജിൻ മുറിയിൽ തീപിടിത്തമുണ്ടാകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് കപ്പലിന് യാത്ര തുടരാനായില്ല. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളായ പശ്ചാത്തലത്തിലാണ് ആക്രമണം നടന്നത്. 

കാണാതായ ഇന്ത്യൻ പൗരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെയും മേഖലയിലെ മറ്റ് അധികൃതരുമായും ഇന്ത്യൻ എംബസിയും തുടർച്ചയായി ബന്ധപ്പെടുന്നുണ്ട്. സമുദ്രഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ വീണ്ടും ആവർത്തിക്കുകയും അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനെതിരായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.