സനായ വിമാനത്താവളത്തിന് നേരെ ആക്രമണം; ഇറാനിയൻ വിമാനം ഇറങ്ങി, തിരിച്ചടിക്ക് ഹൂതികളുടെ ഭീഷണി
യെമന്റെ തലസ്ഥാനമായ സനായ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ ലക്ഷ്യമിട്ട് ആക്രമണം നടന്നിട്ടും ഇറാനിയൻ വിമാനം സുരക്ഷിതമായി ഹൂതി നിയന്ത്രണത്തിലുള്ള ഹൊദൈദ വിമാനത്താവളത്തിൽ ഇറങ്ങിയതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഹൂതി വിമതർ മുന്നറിയിപ്പ് നൽകി.
ഇറാനിയൻ വിമാനത്തിന്റെ സനായയിലേക്കുള്ള പ്രവേശനം തടയാനാണ് റൺവേ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് യെമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ അറിയിച്ചു. ഇറാന്റെ വിമാനങ്ങൾ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിക്കുന്നതായി സർക്കാർ ആരോപിക്കുകയും ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും വ്യക്തമാക്കി.
അതേസമയം, ആക്രമണത്തിന് പിന്നിൽ സൗദി അറേബ്യയാണെന്ന് ആരോപിച്ച ഹൂതി സൈനിക വക്താവ് യഹ്യാ സരീ, ഇത് നിലവിലുണ്ടായിരുന്ന സംഘർഷലഘൂകരണ ഘട്ടത്തിന്റെ അവസാനമാണെന്നും ഇനി ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. സംഭവത്തിൽ സൗദി അറേബ്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
മേഖലയിൽ ഇറാനുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ യെമനിലെ പുതിയ സംഭവവികാസം പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.