67 യാത്രക്കാരുമായി അസർബൈജാൻ എയർലൈൻസ് കസാക്കിസ്ഥാനിൽ തകർന്ന് നിരവധി പേർ മരിച്ചു
മോസ്‌കോ: അസർബൈജാൻ എയർലൈൻസിൻ്റെ യാത്രാവിമാനം കസാക്കിസ്ഥാനിലെ അക്തൗ നഗരത്തിന് സമീപം തകർന്നുവീണ് തീപിടിച്ചു. അഞ്ച് ജീവനക്കാരും 62 യാത്രക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അപകടത്തിൽ 42 പേർ മരിക്കാൻ സാധ്യതയുണ്ടെന്ന് കസാക്കിസ്ഥാൻ അടിയന്തര മന്ത്രാലയം അറിയിച്ചു. മരണസംഖ്യ വ്യക്തമല്ലെന്നും ചിലരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
കസാക്കിസ്ഥാനിലെ അക്തൗ വിമാനത്താവളത്തിന് സമീപമാണ് അപകടം. ബാക്കുവിൽ നിന്ന് ചെച്‌നിയയിലെ ഗ്രോസ്‌നിയിലേക്ക് പറക്കുകയായിരുന്നു വിമാനം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് എമർജൻസി ലാൻഡിംഗിനിടെയായിരുന്നു അപകടം. അടിയന്തര ലാൻഡിംഗിന് അനുമതി തേടിയ വിമാനം പലതവണ വട്ടമിട്ട് പറക്കുകയും പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിലത്തിറക്കിയ വിമാനത്തിൽ തീ പടരുന്നതും ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ രക്ഷാപ്രവർത്തകരും ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.