ഭരിപ്പ് അഥവാ പരപ്പ് കേട്ടും പറഞ്ഞും ‘‘പരിപ്പ് ’’ആയി

 
Kottayam

കോട്ടയം (കുമരകം) : ഒരു പേരിലൊക്കെ ഇത്ര കാര്യമുണ്ടോ , അയ്മനം പഞ്ചായത്തിലെ പരിപ്പ് എന്ന സ്ഥലത്തിന് ആ പേര് കിട്ടിയതിന്റെ ചരിത്രം അത്രയധികം മഹത്തരമാണ്. രണ്ട് തരത്തിലുള്ള കഥകളാണ് ഈ സ്ഥലനാമത്തെ കുറിച്ച് കേൾക്കുന്നത്. ഒന്ന് ഭൂമിശാസ്ത്രവുമായി ബന്ധപ്പെടുത്തിയും മെറ്റൊന്ന് ഐതിഹ്യവുമായി ബന്ധപ്പെടുത്തിയുമാണ്. ഐതിഹ്യത്തിൽ പറയുന്നവ ക്ഷേത്രത്തിൽ ഇന്നും കാണാൻ സാധിക്കുന്നതിനാൽ ഐതിഹ്യത്തെ വിശ്വസിക്കുന്നവരും മറിച്ച് ശാസ്ത്രീയതയെ വിശ്വസിക്കുന്നവരും പരിപ്പ് ദേശത്തിലുണ്ട്.

ഐതിഹ്യമിങ്ങനെ : 

 പരശുരാമൻ പ്രതിഷ്ട കർമ്മം നിർവഹിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ പരിപ്പ് മഹാദേവക്ഷേത്രത്തിൽ തെക്കുംകൂർ രാജാവിന്റെ സാമന്തരാജാവായ ഇടത്തിൽ തമ്പുരാക്കന്മാർ ദർശനം നടത്താൻ എത്തിയിരുന്നു. വടക്കുംകൂർ രാജാവിന്റെ കീഴിലുള്ള ഈ പ്രദേശം ഭരിച്ചിരുന്നത് സാമന്ത രാജാവായ ചേലയ്ക്കാപ്പള്ളി സ്വരൂപമായിരുന്നു. ഇടത്തിൽ തമ്പുരാക്കന്മാരെ ക്ഷേത്രത്തിൽ വച്ച് നേരിൽ കാണേണ്ടി വന്നാൽ ഭരണം ഉപേക്ഷിക്കുമെന്ന് ചേലയ്ക്കാപ്പളളി സ്വരൂപം പ്രതിജ്ഞ ചെയ്തു , ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന് രണ്ട് തിടപ്പള്ളിയും ഒരു വലിയബലിക്കല്ലും രണ്ട് ബലിക്കൽ മണ്ഡപവും നിർമ്മിക്കപ്പെട്ടു.


രാജാക്കന്മാർ നേരിൽ കണ്ടിരുന്നില്ല, ഇവർ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ചിരുന്നത് വ്യത്യസ്തമായ ബലിക്കൽപ്പുര വഴി ആയിരുന്നു.  ദർശന സമയം നിശ്ചയിച്ചിരുന്നത് ഇരുവരുടെയും മന്ത്രിമാർ ആയിരുന്നു. ഒരേ സമയത്ത് ക്ഷേത്രത്തിലെത്തിയ സാമന്തരാജാക്കന്മാർ നേരിൽ കാണാൻ ഇടയാകുകയും പ്രതിജ്ഞ പാലിച്ച്   ചേലയ്ക്കാപ്പള്ളി സ്വരൂപം കരപ്രമാണിമാർക്ക് ഭരണം കൈമാറി ദേശം ഉപേക്ഷിച്ചു പോയി. ഭരിപ്പ് ഉപേക്ഷിച്ച ദേശം (ഭരിപ്പ് ദേശം) ലോഭിച്ച് പരിപ്പായി മാറി എന്നതാണ് ഐതിഹ്യം.

ശാസ്ത്രം പറയുന്നത് :

 കടൽ പിൻവാങ്ങി  രൂപപ്പെട്ട കായൽത്തീര പ്രദേശത്തിന്റെ വടക്ക് ഭാഗമാണ് പരിപ്പ് ഉൾപ്പെടുന്ന പ്രദേശം. അപ്പർകുട്ടനാട് എന്നറിയപ്പെടുന്ന പ്രദേശങ്ങൾ ഇപ്രകാരം കടൽ മാറി രൂപപ്പെട്ടതെന്നാണ് ഭൗതികശാസ്ത്രം രേഖപ്പെടുത്തിയിട്ടുള്ളത്. സമുദ്രനിരപ്പിൽ താഴ്ന്ന കൃഷിയിടങ്ങൾ സ്ഥിതി ചെയ്യുന്നതും ഈ പ്രദേശങ്ങളിലാണ്. കായൽ വരെ പരന്ന് കിടക്കുന്നത് എന്ന അര്ത്ഥത്തിൽ പരപ്പ് ദേശം ലോഭിച്ചാണ് പരിപ്പ് ആയി മാറിയതെന്നും പറയുന്നു.  

വിശ്വസിക്കാം ശാസ്ത്രീയ നാമം - ഗോപാലൻനായർ (റിട്ട.അധ്യാപകൻ പരിപ്പ് )

ഭൂമിശാസ്ത്രപരമായി കൈവന്ന പേരുകളാണ് ഓരോ ദേശത്തിനും ആധികാരികമായി ലഭിച്ചിട്ടുള്ളത്. ഭരിപ്പ് (ഭരണം) ഉപേക്ഷിച്ച ദേശം എന്നതിലും ആധികാരികത പരന്നത് അഥവാ പരപ്പ് പ്രദേശം പരിപ്പായി മാറി എന്ന് പറയുന്നതിനാണ് എന്ന് വിശ്വസിക്കുന്നു.