ബ്ലൂടൈഗേഴ്സ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയര്‍ ലീഗ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്
കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് (വ്യാഴം). ലീഗ് മത്സരത്തില്‍ നിന്ന് യോഗ്യത നേടിയ എട്ട് ടീമുകളാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്. രാജഗിരി കോളജ് ഗ്രൗണ്ടില്‍ ആദ്യം നടക്കുന്ന മത്സരത്തില്‍ കിംഗ് മേക്കേഴ്‌സ്, മില്ലേനിയം സ്റ്റാര്‍സിനെ നേരിടും. തുടര്‍ന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സും വിഫ്റ്റ് കേരള ഡയറട്‌കേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയോഗ്രാഫേഴ്‌സ്, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സിനെ നേരിടും. അവസാന മത്സരം കൊച്ചിന്‍ സൂപ്പര്‍ കിങ്ങും മാ ഫൈറ്റേഴ്‌സും തമ്മിലാണ്. മത്സരത്തില്‍ ജയിക്കുന്ന നാല് ടീമുകള്‍ 15 ന് നടക്കുന്ന സെമിയില്‍ കൊമ്പുകോര്‍ക്കും. 16നാണ് ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി ലീഗ് മത്സരത്തിന്റെ ഫൈനല്‍.
ലീഗ് തലത്തിലെ അവസാന ദിനമായ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പ്ലേ വെല്‍ സ്‌പോര്‍ട്‌സിനെതിരെ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ് 10 വിക്കറ്റിന് വിജയിച്ചു. രണ്ടാം മത്സരത്തില്‍ കിംഗ് മേക്കേഴ്സ് എട്ട് വിക്കറ്റിന് ജയിച്ച് ലീഗ് ഘട്ടത്തിലെ അവരുടെ നില മെച്ചപ്പെടുത്തി. മൂന്ന് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പടെ 37 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ രമേശ് ബാബുവാണ് കളിയിലെ താരം. മൂന്നാമത്തെ മത്സരത്തില്‍ മോളിവുഡ് സൂപ്പര്‍ ജയന്റ്‌സ്, സുവി സ്‌ട്രൈക്കേഴ്‌സിനെ 11 റണ്‍സിന് പരാജയപ്പെടുത്തി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓണ്‍ലൈന്‍ റൈഡേഴ്‌സിനെ മില്ലേനിയം സ്റ്റാര്‍സ് പരാഡയപ്പെടുത്തി. 26 പന്തില്‍ എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 71 റണ്‍സ് നേടിയ മഹാഫൂസാണ് കളിയിലെ താരം.