ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍: ആദ്യ സെമിയില്‍ കിംഗ് മേക്കേഴ്‌സും സൂപ്പര്‍ കിംഗും ഏറ്റുമുട്ടും
@ രണ്ടാം സെമി കേരള ഡയറക്ടേഴ്‌സും കൊറിയോഗ്രാഫേഴ്‌സും
കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് സീസണ്‍ ആറിന്റെ സെമി മത്സരങ്ങള്‍ ഇന്ന് നടക്കും. രാവിലെ നടക്കുന്ന ആദ്യ സെമിയില്‍ ജോണ്‍ കൈപ്പിള്ളില്‍ ഐക്കണ്‍ പ്ലെയറായ കിങ് മേക്കേഴ്‌സും അര്‍ജുന്‍ നന്ദകുമാര്‍ ഐക്കണ്‍ പ്ലയറായ കൊച്ചിന്‍ സൂപ്പര്‍ കിംങ്‌സും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ജോണി ആന്റണി ഐക്കണ്‍ പ്ലെയറായ വിഫ്റ്റ് കേരള ഡയറക്ടേഴ്‌സ് ഷെയിന്‍ നിഗം ഐക്കണ്‍ പ്ലെയറായ കൊറിയോഗ്രാഫേഴ്‌സുമായി കൊമ്പുകോര്‍ക്കും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മില്ലേന്യം സ്റ്റാര്‍സിനെ 72 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിംഗ് മേക്കേഴ്‌സ് സെമിയില്‍ പ്രവേശിച്ചത്.
നോയല്‍ ബെന്നിന്റെ സെഞ്ച്വറി മികവിലാണ് കിംഗ് മേക്കേഴ്‌സ് വന്‍ വിജയം സ്വന്തമാക്കിയത്. രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സിനെ 13 റണ്‍സിന് പരാജയപ്പെടുത്തിയാണ് വിഫ്റ്റ് കേരള ഡയറക്ടേഴ്‌സ് സെമി ഉറപ്പിച്ചത്. മൂന്നാം മത്സരത്തില്‍ കൊറിയോഗ്രാഫേഴ്‌സ് 34 റണ്‍സിനും അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊച്ചിന്‍ സൂപ്പര്‍ കിംഗ് 30 റണ്‍സിനും വിജയിച്ചു. ഇന്ന് രാവിലെ നടക്കുന്ന സെമിയില്‍ ജയിക്കുന്ന ടീമുകള്‍ വൈകുന്നേരം നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.