ഇസ്രോ ആസ്ഥാനത്ത് ബോംബ് ഭീഷണി; പരിശോധനയിൽ വ്യാജ സന്ദേശമെന്ന് വ്യക്തം, ഗാസിയാബാദ് സ്വദേശി പിടിയിൽ
ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)യുടെ ബെംഗളൂരു ആസ്ഥാനത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ വ്യാപക പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ 36-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 2നും 3നും തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇസ്രോ ആസ്ഥാനത്ത് ബോംബ് സ്‌ക്വാഡും സുരക്ഷാസേനയും പരിശോധന നടത്തി. ഇസ്രോയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ സാങ്കേതിക തെളിവുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ഇയാളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ ഭീഷണി സന്ദേശവും ഇതേ പ്രതി തന്നെയാണോ അയച്ചതെന്ന് ഉൾപ്പെടെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.