ബൂം ബൂം ബുംറ! ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി ഇന്ത്യൻ പേസർ

ദുബായ്: ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഐസിസി പുരുഷ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചു. 2024-ൽ എല്ലാ ഫോർമാറ്റുകളിലും ബുംറയുടെ മികച്ച പ്രകടനത്തെ അംഗീകരിക്കുന്ന ഒരു അവാർഡാണിത്. ഈ ബഹുമതി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ കളിക്കാരനും ഇന്ത്യയിൽ നിന്ന് ഈ ബഹുമതി നേടുന്ന ആദ്യ പേസറുമാണ് ബുംറ. ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡും ബുംറയ്ക്ക് ലഭിച്ചു.
ബുംറയ്ക്ക് മുമ്പ് രാഹുൽ ദ്രാവിഡ് (2004) സച്ചിൻ ടെണ്ടുൽക്കർ (2010), രവിചന്ദ്രൻ അശ്വിൻ (2016), വിരാട് കോഹ്‌ലി (2017, 2018) എന്നിവർ ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിച്ചിരുന്നു. ഈ മാസം ആദ്യം ഓസ്‌ട്രേലിയയോട് ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര ഇന്ത്യ 3-1ന് തോറ്റെങ്കിലും ബുംറയുടെ പ്രകടനം ശ്രദ്ധേയമായി. പരമ്പരയിൽ 32 വിക്കറ്റുകൾ വീഴ്ത്തിയതിന് അദ്ദേഹത്തെ പ്ലെയർ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുത്തു.
കഴിഞ്ഞ വർഷം 13 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബുംറ 14.92 എന്ന അസാധാരണ ബൗളിംഗ് ശരാശരിയിൽ 71 വിക്കറ്റുകൾ വീഴ്ത്തി. കഴിഞ്ഞ വർഷം ബംഗ്ലാദേശിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പര വിജയങ്ങളിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ നിർണായകമായിരുന്നു. രോഹിത് ശർമ്മയുടെ അഭാവത്തിൽ പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിലൂടെയും ബുംറ തന്റെ നേതൃപാടവം പ്രകടിപ്പിച്ചു.