കടമെടുക്കൽ പരിധി: കേരളത്തിന് താൽക്കാലിക ആശ്വാസം; പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീം കോടതി

 
Supreme Court

ന്യൂഡൽഹി: സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയത്തിൽ കേരളത്തിന് പിന്തുണയുമായി സുപ്രീം കോടതി. ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ തടസ്സമുണ്ടോയെന്ന് ചോദിച്ച കോടതി തീരുമാനം നാളെ അറിയിക്കാനും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

കടമെടുപ്പ് പരിധി ഉയർത്താൻ കേരളം നേരത്തെ കേന്ദ്രവുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പരാജയപ്പെട്ടെന്ന് പിന്നീട് സുപ്രീം കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച നടന്ന ചർച്ചയിൽ 19,351 കോടി രൂപ കൂടി കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം കേന്ദ്ര ധനമന്ത്രാലയം തള്ളിയതായി സംസ്ഥാനത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയെ അറിയിച്ചു.

അതിനിടെ, 5000 കോടി രൂപ ഏപ്രിൽ ഒന്നിന് നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കടമെടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഇടപെടൽ അവസാനിപ്പിക്കണമെന്നും ഹർജിയിൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേരളമാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം.