ബ്രസീലിലെ അണ്ടർ-20 ഫുട്ബോൾ മത്സരത്തിൽ കൂട്ടത്തല്ല്; 53 പേർക്ക് ചുവപ്പ് കാർഡ്, ലോക റെക്കോർഡ്
ബ്രസീലിയ: ബ്രസീലിലെ അണ്ടർ-20 ഫുട്ബോൾ മത്സരത്തിനിടെ നടന്ന കൂട്ടത്തല്ലിനെത്തുടർന്ന് റഫറി 53 പേർക്ക് ചുവപ്പ് കാർഡ് നൽകി. ഉബർലാൻഡിയയും മമോറെ ടീമും തമ്മിൽ നടന്ന മിനാസ് ജെറൈസ് സംസ്ഥാന അണ്ടർ-20 ചാമ്പ്യൻഷിപ്പ് സെമിഫൈനൽ മത്സരത്തിലാണ് അസാധാരണ സംഭവം. ഫുട്ബോൾ ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ചുവപ്പ് കാർഡുകൾ നൽകിയ സംഭവമായി ഇത് മാറി.
ഞായറാഴ്ച നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സംഭവങ്ങളുടെ തുടക്കം. ഉബർലാൻഡിയ താരത്തെ റഫറി പുറത്താക്കിയതിനെത്തുടർന്ന് ടീമിന്റെ ചില അധികൃതർ മൈതാനത്തേക്ക് പ്രവേശിച്ചതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. തുടർന്ന് മത്സരം 40 മിനിറ്റോളം നിർത്തിവെച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
പിന്നീട് ഇഞ്ചുറി ടൈമിന്റെ ഒൻപതാം മിനിറ്റിൽ മമോറെ മൂന്നാം ഗോൾ നേടി 3-1ന് മുന്നിലെത്തി. ഗോൾ നേടിയതിന്റെ ആഘോഷത്തിനിടെ മമോറെ താരം ഡേവി എതിർടീമിന്റെ ബെഞ്ചിന് നേരെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ഇരുടീമുകളിലെയും താരങ്ങളും പരിശീലക സംഘത്തിലെ അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. കൂട്ടത്തല്ലിൽ നിരവധി പേർ ഉൾപ്പെട്ടതോടെ റഫറിക്ക് മത്സരം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.
ആകെ 43 താരങ്ങൾക്കും പരിശീലക സംഘത്തിലെ എട്ട് അംഗങ്ങൾക്കും ഉബർലാൻഡിയയുടെ രണ്ട് ക്ലബ് ഭാരവാഹികൾക്കുമാണ് ചുവപ്പ് കാർഡ് ലഭിച്ചത്. നേരത്തെ മത്സരത്തിനിടെയും മൂന്ന് താരങ്ങളെ പുറത്താക്കിയിരുന്നു. ഇതോടെ ആകെ പുറത്താക്കപ്പെട്ടവരുടെ എണ്ണം 53 ആയി. റഫറി ഫെർണാണ്ടോ പാട്രിക് ഡ്രോഷ്ഗിക് മോഡെസ്റ്റോ സുരക്ഷാ സാഹചര്യം പരിഗണിച്ച് മത്സരം അവസാനിപ്പിക്കുകയായിരുന്നു.
2011ൽ അർജന്റീനയിലെ അഞ്ചാം ഡിവിഷൻ മത്സരത്തിൽ അത്ലറ്റിക്കോ ക്ലേപോളെയും വിക്ടോറിയാനോ അരീനസും തമ്മിലുള്ള കളിയിൽ 36 ചുവപ്പ് കാർഡുകൾ നൽകിയതായിരുന്നു ഇതിന് മുമ്പുള്ള റെക്കോർഡ്. പുതിയ സംഭവം ആ റെക്കോർഡ് മറികടന്നു. മത്സരത്തിനിടെ റഫറിക്ക് ഭീഷണികൾ ഉണ്ടായതായും സംഭവത്തിൽ പൊലീസ് റിപ്പോർട്ട് നൽകിയതായും വിവരങ്ങളുണ്ട്.
സംഭവത്തിന് പിന്നാലെ രണ്ടാം പാദ സെമിഫൈനൽ മത്സരത്തിൽനിന്ന് പിന്മാറുന്നതായി ഉബർലാൻഡിയ പ്രഖ്യാപിച്ചു. മമോറെ ടീമിന് മതിയായ താരങ്ങളെ അണിനിരത്താൻ കഴിയാത്ത സാഹചര്യത്തിൽ കായികമര്യാദയുടെ ഭാഗമായാണ് തീരുമാനമെന്നും ക്ലബ് വ്യക്തമാക്കി. ഇതോടെ മമോറെ ഫൈനലിലേക്ക് യോഗ്യത നേടി.