15.30 ലക്ഷം വിദ്യാർഥികൾക്ക് കൂടി പ്രഭാതഭക്ഷണം; കാമരാജർ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്
തമിഴ്നാട്ടിൽ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി കാമരാജർ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചൊവ്വാഴ്ച ചെന്നൈ തിരുവാൺമിയൂരിലെ ഗാന്ധി ഗ്രാമം സർക്കാർ മിഡിൽ സ്കൂളിൽ പദ്ധതിയുടെ വിപുലീകരണം ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് 15.30 ലക്ഷം വിദ്യാർഥികൾക്ക് കൂടി പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതിയുടെ ഭാഗമായി വിജയ് വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പുകയും പിന്നീട് കുട്ടികൾക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. ക്ലാസ് മുറികളിൽ എത്തി വിദ്യാർഥികളുമായി സംസാരിക്കുകയും പഠനകാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. ചടങ്ങിൽ വിദ്യാർഥികൾക്ക് പൊങ്കൽ, സാമ്പാർ, മധുരപൊങ്കൽ തുടങ്ങിയ വിഭവങ്ങളാണ് നൽകിയത്.
പുതിയ ഘട്ടത്തിൽ 15,454 സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ ആറാം മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഉൾപ്പെടുന്നത്. പദ്ധതിയുടെ വിപുലീകരണത്തിനായി നടപ്പുവർഷം 217.63 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ ആകെ ബജറ്റ് 724 കോടി രൂപയായി ഉയരും.
ഉപ്പുമാവ്, കിച്ചടി, പൊങ്കൽ തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുന്ന മെനുവാണ് കുട്ടികൾക്ക് നൽകുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മില്ലറ്റ് അധിഷ്ഠിത വിഭവങ്ങളും ഉൾപ്പെടുത്തും. ഗ്രാമപ്രദേശങ്ങളിലും നഗരസഭാ മേഖലകളിലും സ്വയംസഹായ സംഘങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിലെ വിപുലീകരണത്തോടെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ഏകദേശം 34.6 ലക്ഷം വിദ്യാർഥികൾക്ക് സംസ്ഥാനത്തെ പ്രഭാതഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരും. എന്നാൽ ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള ചെങ്കൽപ്പട്ട്, തിരുപ്പൂർ ജില്ലകളിൽ പദ്ധതി ഇപ്പോൾ നടപ്പാക്കില്ല.