ബ്രെന്റ് ക്രൂഡ് 72 ഡോളറിലേക്ക് താഴ്ന്നു; ഇൻഡിഗോ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ ഓഹരികൾ കുതിച്ചു

 
Business

മുംബൈ: ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് എണ്ണയുടെ വില യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലവാരമായ ബാരലിന് 72 ഡോളറിനടുത്തേക്ക് താഴ്ന്നതോടെ ഇന്ത്യയിലെ എണ്ണവില-സെൻസിറ്റീവ് ഓഹരികൾക്ക് വൻ മുന്നേറ്റം. ഇൻഡിഗോ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ ഓഹരികൾ നേട്ടത്തോടെ വ്യാപാരം നടത്തി. 

വിമാനക്കമ്പനികൾക്കും എണ്ണ വിപണന കമ്പനികൾക്കും ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് നേരിട്ട് ഗുണകരമാണ്. വിമാന ഇന്ധനച്ചെലവ് കുറയുന്നതോടെ ഇൻഡിഗോയുടെ പ്രവർത്തനച്ചെലവ് കുറയുകയും ലാഭസാധ്യത വർധിക്കുകയും ചെയ്യും. അതേസമയം, എച്ച്.പി.സി.എൽ, ബി.പി.സി.എൽ പോലുള്ള എണ്ണ വിപണന കമ്പനികൾക്ക് അസംസ്കൃത എണ്ണ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതും അനുകൂല ഘടകമാണ്. 

വെള്ളിയാഴ്ച രാവിലെ വ്യാപാരത്തിൽ ഇൻഡിഗോ ഓഹരി മൂന്ന് ശതമാനത്തിലേറെ ഉയർന്നപ്പോൾ, എച്ച്.പി.സി.എലും ബി.പി.സി.എലും മൂന്ന് മുതൽ നാല് ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. ടയർ, പെയിന്റ് മേഖലകളിലെ കമ്പനികളുടെ ഓഹരികളും മുന്നേറ്റം കാഴ്ചവെച്ചു. 

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കുറയുമെന്ന പ്രതീക്ഷയും പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ശാന്തമാകുമെന്ന വിലയിരുത്തലുമാണ് എണ്ണവില ഇടിയാൻ പ്രധാന കാരണം. ഇത് ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമായാണ് കണക്കാക്കപ്പെടുന്നത്. 

എണ്ണവിലയിലെ ഇടിവ് പണപ്പെരുപ്പ സമ്മർദം കുറയ്ക്കുന്നതിനും വ്യാപാരക്കമ്മി നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചതോടെ ഓഹരി വിപണിയിലും വ്യാപകമായ വാങ്ങൽ താൽപര്യം പ്രകടമായി. സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം നടത്തിയത്.