പാകിസ്താനിൽ ബസും എൽ.പി.ജി ടാങ്കറും കൂട്ടിയിടിച്ച് തീപിടിത്തം; 10 മരണം, 27 പേർക്ക് പരിക്ക്

 
Accident

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ യാത്രാബസും ദ്രവീകൃത പെട്രോളിയം വാതകം (എൽ.പി.ജി) വഹിച്ച ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച മക്രാൻ തീരദേശ പാതയിൽ ഗ്വാദർ ജില്ലയിലെ ഒർമാറയ്ക്കു സമീപം ബസോൾ പ്രദേശത്താണ് അപകടമുണ്ടായത്. കൂട്ടിയിടിക്കുശേഷം ഇരു വാഹനങ്ങൾക്കും തീപിടിച്ചു.

തുർബത്തിൽനിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന യാത്രാബസാണ് എതിർദിശയിൽ വന്ന എൽ.പി.ജി ടാങ്കറുമായി കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് തീ അതിവേഗം പടരുകയും ബസിലുണ്ടായിരുന്ന യാത്രക്കാർ കുടുങ്ങുകയും ചെയ്തു. മരിച്ചവരിൽ സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ടാങ്കറിലുണ്ടായിരുന്നവരും മരിച്ചവരിൽ ഉൾപ്പെടുന്നു.

പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഒർമാറയിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെത്തുടർന്ന് മക്രാൻ തീരദേശ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ബസോൾ, ഒർമാറ മേഖലകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.

ബലൂചിസ്ഥാനിലെ തീരദേശ പാതയിൽ അടുത്തിടെയുണ്ടായ നിരവധി അപകടങ്ങളുടെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വീണ്ടും ശക്തമായിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അമിതവേഗവും അപകടകരമായ ഓവർടേക്കിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണവിധേയമാക്കുന്നുണ്ട്.