ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റാമോ? കാനഡയുമായി പങ്കിടുന്ന ജലാശയത്തിന് പേര് മാറ്റാനുള്ള ട്രംപിന്റെ ഉത്തരവിന്റെ യാഥാർഥ്യം
കാനഡയുമായി പങ്കിടുന്ന ലേക്ക് ഒന്റാറിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. ഓഗസ്റ്റ് 27നാണ് ഉത്തരവിൽ ഒപ്പുവെച്ചത്. എന്നാൽ യുഎസിന് സ്വന്തം ഫെഡറൽ രേഖകളിലും മാപ്പുകളിലും ഉപയോഗിക്കുന്ന പേര് മാറ്റാൻ കഴിയുമെങ്കിലും, കാനഡയെയോ അന്താരാഷ്ട്ര സമൂഹത്തെയോ പുതിയ പേര് അംഗീകരിക്കാൻ നിർബന്ധിക്കാനാകില്ല.
ലേക്ക് ഒന്റാറിയോ യുഎസിനും കാനഡയ്ക്കും ഇടയിൽ പങ്കിടുന്ന ജലാശയമാണ്. അതിനാൽ ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ ഉത്തരവ് കൊണ്ട് തടാകത്തിന്റെ അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ട പേര് ഏകപക്ഷീയമായി മാറ്റാൻ കഴിയില്ല. ഉത്തരവ് പ്രധാനമായും യുഎസ് സർക്കാരിന്റെ ഔദ്യോഗിക ഉപയോഗത്തെയാണ് ബാധിക്കുക.
അമേരിക്കൻ ഫെഡറൽ ഏജൻസികളോടും ഔദ്യോഗിക മാപ്പുകളിലും രേഖകളിലും ‘Lake America’ എന്ന പേര് ഉപയോഗിക്കാൻ ഉത്തരവ് നിർദേശിക്കുന്നു. ഇതിന്റെ ഭാഗമായി യുഎസ് ജിയോഗ്രാഫിക് നെയിംസ് ഇൻഫർമേഷൻ സിസ്റ്റത്തിലും പേര് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.
അതേസമയം, കാനഡ പുതിയ പേര് അംഗീകരിച്ചിട്ടില്ല. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഒന്റാറിയോ പ്രവിശ്യാ അധികൃതരും ‘Lake Ontario’ എന്ന പരമ്പരാഗത പേര് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പേര് മാറ്റം ഇതിനകം ഡിജിറ്റൽ മാപ്പുകളിലും പ്രതിഫലിക്കാൻ തുടങ്ങി. യുഎസ് ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പിൽ ‘Lake America’ എന്നും കാനഡയിലെ ഉപയോക്താക്കൾക്ക് ‘Lake Ontario’ എന്നും കാണുന്ന രീതിയിലാണ് മാറ്റം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് രണ്ട് പേരുകളും കാണിച്ചേക്കാം.
കാനഡ–യുഎസ് വ്യാപാരബന്ധത്തിൽ സംഘർഷം തുടരുന്നതിനിടെയാണ് പുതിയ നീക്കം. അതിനാൽ തടാകത്തിന്റെ യഥാർഥ ഉടമസ്ഥതയോ അതിർത്തിയോ മാറ്റുന്ന നടപടി എന്നതിലുപരി അമേരിക്കൻ സർക്കാർ ഉപയോഗിക്കുന്ന ഔദ്യോഗിക ഭൂമിശാസ്ത്രനാമം മാറ്റാനുള്ള പ്രതീകാത്മക രാഷ്ട്രീയ നീക്കമായാണ് ഇതിനെ കാണുന്നത്.