ഓസ്ട്രേലിയയിൽ റഗ്ബി ആരാധകർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; 10 പേർക്ക് പരിക്ക്
ന്യൂകാസിൽ: ഓസ്ട്രേലിയയിലെ ന്യൂകാസിലിൽ റഗ്ബി ലീഗ് ടീമായ ന്യൂകാസിൽ നൈറ്റ്സിന്റെ ആരാധകർക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചുവയസ്സുകാരിയും 67 വയസ്സുള്ളയാളും ഗുരുതരാവസ്ഥയിലാണ്. മറ്റ് എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച നടക്കുന്ന എൻ.ആർ.എൽ ഗ്രാൻഡ് ഫൈനലിന് മുന്നോടിയായി ടീമിനെ യാത്രയയക്കാൻ ന്യൂകാസിലിലെ വാൾസെൻഡിൽ ആയിരക്കണക്കിന് ആരാധകർ റോഡരികിൽ തടിച്ചുകൂടിയിരുന്നു. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് ന്യൂകാസിൽ ലിങ്ക് റോഡിലെ ട്രാൻസ്ഫീൽഡ് ഡ്രൈവ് റൗണ്ട്എബൗട്ടിന് സമീപം കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്.
18കാരനായ പി-പ്ലേറ്റ് ഡ്രൈവറെയാണ് പൊലീസ് സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തത്. വാഹനം നിയന്ത്രണംവിട്ട് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക വിവരം. ഡ്രൈവറെ നിർബന്ധിത മദ്യ-മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയനാക്കിയതായും പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ഭീകരാക്രമണ ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം.
അപകടത്തെ തുടർന്ന് മൂന്ന് ഹെലികോപ്റ്ററുകളും 15 ആംബുലൻസുകളും ഉൾപ്പെടെ വൻ അടിയന്തര രക്ഷാസംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ ജോൺ ഹണ്ടർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ന്യൂകാസിൽ ലിങ്ക് റോഡ് ഇരുവശത്തേക്കും അടച്ചതോടെ ന്യൂകാസിൽ നൈറ്റ്സിന്റെ ടീം ബസിന്റെ യാത്രാമാർഗവും മാറ്റി.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ആരാധകരോട് പ്രദേശത്തുനിന്ന് സുരക്ഷിതമായി പിരിഞ്ഞുപോകാനും രക്ഷാപ്രവർത്തനങ്ങൾക്കും ഗതാഗത നിയന്ത്രണങ്ങൾക്കും സഹകരിക്കാനും പൊലീസ് നിർദേശിച്ചു.