വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിൽ കേന്ദ്രത്തിന്റെ ആശങ്ക; ഐടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി മെറ്റ ചർച്ച നടത്തി

 
Technology

ന്യൂഡൽഹി: വാട്‌സ്ആപ്പിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന 'യൂസർനെയിം' ഫീച്ചറുമായി ബന്ധപ്പെട്ട സ്വകാര്യതയും ഓൺലൈൻ തട്ടിപ്പും സംബന്ധിച്ച ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ മെറ്റയുടെ പ്രതിനിധികൾ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയ (MeitY) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ സർക്കാർ നൽകിയ നോട്ടീസിന് നിശ്ചയിച്ച മൂന്ന് ദിവസത്തിനുള്ളിൽ വിശദമായ മറുപടി നൽകുമെന്ന് മെറ്റ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 

ഫോൺ നമ്പർ വെളിപ്പെടുത്താതെ ഉപയോക്താക്കൾക്ക് യൂസർനെയിം ഉപയോഗിച്ച് ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഫീച്ചർ തട്ടിപ്പ്, ഫിഷിങ്, വ്യാജ വ്യക്തിത്വ സൃഷ്ടി, 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകൾ എന്നിവ വർധിപ്പിച്ചേക്കാമെന്ന ആശങ്കയാണ് കേന്ദ്ര സർക്കാർ ഉയർത്തിയത്. സർക്കാർ തൃപ്തിപ്പെടുന്നതുവരെ ഫീച്ചറിന്റെ അവതരണം നിർത്തിവയ്ക്കാനും മെറ്റയോട് നിർദേശിച്ചിട്ടുണ്ട്. 

യോഗത്തിൽ സർക്കാരിന്റെ ആശങ്കകൾ മെറ്റ അധികൃതരെ അറിയിച്ചതായും നോട്ടീസിന് കമ്പനി ഔദ്യോഗിക വിശദീകരണം സമർപ്പിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, യൂസർനെയിം ഫീച്ചർ ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ലെന്നും ദുരുപയോഗം തടയാൻ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.