പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമത്തിൽ മാറ്റം, അനുഗ്രഹമോ വെല്ലുവിളിയോ?
ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിടാനും റദ്ദാക്കാനും മരണപ്പെട്ടയാളുടെ രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ കഴിയൂ.
കൂടാതെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് അധികാരികളിൽ നിന്ന് ഒപ്പ് ശേഖരിക്കണം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ ഏജൻ്റുമാർ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനമെന്ന് കോൺസുലേറ്റ് അറിയിച്ചു.
പല ഏജൻ്റുമാരും കോൺസുലേറ്റ് അംഗീകരിച്ച നിരക്കിനേക്കാൾ കൂടുതലാണ് ഈടാക്കുന്നതെന്നും പ്രവാസി സമൂഹം ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കോൺസുലേറ്റ് എല്ലാ സഹായവും നൽകും. ഒരു പൈസ പോലും ഈടാക്കാതെ കുടുംബങ്ങൾക്ക് ഇത്തരം സേവനങ്ങൾ നൽകുന്നതിന് കോൺസുലേറ്റിന് എല്ലാ എമിറേറ്റുകളിലും കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ ഒരു പാനൽ ഉണ്ട്. സേവനങ്ങൾക്കും മാർഗനിർദേശങ്ങൾക്കും അവരെ ബന്ധപ്പെടാമെന്ന് കോൺസുലേറ്റ് അറിയിച്ചു.
അതേസമയം, പുതിയ നിയമങ്ങൾ മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങൾക്ക് അധിക ബാധ്യത വരുത്തുന്നുവെന്ന് യുഎഇയിലെ ചില സാമൂഹിക പ്രവർത്തകർ ആരോപിച്ചു. രേഖകൾ റദ്ദാക്കി മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ സഹായിക്കാൻ ഇനി സാമൂഹിക പ്രവർത്തകർക്ക് കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.