യുകെ സ്റ്റുഡന്റ് വിസ നിയമങ്ങളിൽ മാറ്റം; ഇന്ത്യൻ വിദ്യാർഥികൾ ജീവിതച്ചെലവിനായി 18 ലക്ഷം രൂപ വരെ കാണിക്കണം

 
Education

ലണ്ടൻ: യുകെയിൽ ഉന്നതപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സ്റ്റുഡന്റ് വിസ ലഭിക്കുന്നതിനുള്ള സാമ്പത്തിക നിബന്ധനകൾ കടുപ്പിക്കുന്നു. നവംബർ 30 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ജീവിതച്ചെലവുകൾക്കായി കൂടുതൽ തുക കൈവശമുണ്ടെന്ന് വിദ്യാർഥികൾ തെളിയിക്കണം.

ലണ്ടനിൽ പഠിക്കുന്നവർക്ക് പ്രതിമാസം 1,570 പൗണ്ടും ലണ്ടന് പുറത്തുള്ളവർക്ക് 1,203 പൗണ്ടും ജീവിതച്ചെലവിനായി കാണിക്കണം. പരമാവധി ഒമ്പത് മാസത്തെ ചെലവാണ് കണക്കാക്കുന്നത്.

പുതിയ നിരക്കനുസരിച്ച് ലണ്ടനിൽ പഠിക്കുന്നവർ ആകെ 14,130 പൗണ്ടും മറ്റ് നഗരങ്ങളിൽ പഠിക്കുന്നവർ 10,827 പൗണ്ടും ബാങ്ക് ബാലൻസായി തെളിയിക്കേണ്ടിവരും. ഇന്ത്യൻ രൂപയിൽ ലണ്ടനിലെ പഠനത്തിനായി ആവശ്യമായ തുക ഏകദേശം 18 ലക്ഷം രൂപ വരും.

ജീവിതച്ചെലവിനായി കാണിക്കേണ്ട തുക ട്യൂഷൻ ഫീസിന് പുറമേയാണ്. ഒരു അധ്യയന വർഷത്തെ കുടിശ്ശികയുള്ള പഠനഫീസ് അടയ്ക്കാനുള്ള സാമ്പത്തികശേഷിയും അപേക്ഷകർ തെളിയിക്കണം.

നവംബർ 30-നോ അതിന് ശേഷമോ സമർപ്പിക്കുന്ന അപേക്ഷകൾക്കാണ് പുതുക്കിയ നിരക്കുകൾ ബാധകമാകുക.