അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു

 
Accident

അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു. പടിഞ്ഞാറൻ അലാസ്കയിലെ കേപ് ന്യൂൻഹാം ലോങ് റേഞ്ച് റഡാർ സൈറ്റ് വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. 

ആങ്കറേജിൽ നിന്ന് കേപ് ന്യൂൻഹാമിലേക്ക് പോകുകയായിരുന്ന വിമാനമാണ് വ്യാഴാഴ്ച ഉച്ചയോടെ അപകടത്തിൽപ്പെട്ടത്. രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

ആങ്കറേജിൽ നിന്ന് ഏകദേശം 725 കിലോമീറ്റർ പടിഞ്ഞാറായാണ് കേപ് ന്യൂൻഹാം റഡാർ സൈറ്റ് സ്ഥിതി ചെയ്യുന്നത്. അലാസ്കയിലെ വ്യോമാതിർത്തിയും അതിർത്തിപ്രദേശങ്ങളിലൂടെയുള്ള വിമാന ഗതാഗതവും നിരീക്ഷിക്കുന്ന റഡാർ ശൃംഖലയുടെ ഭാഗമാണിത്. 

അപകടത്തിന്റെ കാരണം വ്യക്തമല്ല. യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.