ചെന്നൈ സൂപ്പർ കിങ്‌സിൽ യുഗാന്ത്യം; 17 വർഷത്തെ ബന്ധം അവസാനിപ്പിച്ച് സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങി
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിജയകരമായ പരിശീലക-ഫ്രാഞ്ചൈസി കൂട്ടുകെട്ടുകളിലൊന്നിന് വിരാമമായി. ചെന്നൈ സൂപ്പർ കിങ്‌സും (CSK) മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിങും പരസ്പര ധാരണയോടെ വേർപിരിയുന്നതായി ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2008-ൽ താരമായും 2009 മുതൽ മുഖ്യപരിശീലകനായും പ്രവർത്തിച്ച ഫ്ലെമിങിന്റെ 17 വർഷത്തെ സുവർണ അധ്യായത്തിനാണ് ഇതോടെ സമാപനമായത്.
ഫ്ലെമിങിന്റെ പരിശീലനത്തിന് കീഴിൽ ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും സ്വന്തമാക്കി. 10 ഐപിഎൽ ഫൈനലുകളിലും 12 പ്ലേ ഓഫ് ഘട്ടങ്ങളിലും ടീം ഇടംപിടിച്ചതോടെ ലീഗിലെ ഏറ്റവും സ്ഥിരതയാർന്ന ഫ്രാഞ്ചൈസികളിലൊന്നായി സി.എസ്.കെ മാറി.
തുടർച്ചയായി രണ്ട് സീസണുകളിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിനെ തുടർന്ന് ടീമിൽ സമഗ്ര മാറ്റങ്ങൾ ആവശ്യമായ സാഹചര്യത്തിലാണ് ഈ തീരുമാനം. ഫ്രാഞ്ചൈസി പുതിയ പരിശീലകസംഘത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. മുൻ ഇന്ത്യൻ താരം ഹേമംഗ് ബദാനിയുടെ പേരാണ് പകരക്കാരനായി പ്രധാനമായും ഉയർന്നുവരുന്നത്.