ജപ്പാൻ മത്സ്യബന്ധന ബോട്ടിന് സമീപമെത്തിയ ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലുകളെ പുറത്താക്കി

സെൻകാകു ദ്വീപുകൾക്ക് സമീപം വീണ്ടും സംഘർഷം
 
Wrd

കിഴക്കൻ ചൈനാ കടലിലെ തർക്കപ്രദേശമായ സെൻകാകു ദ്വീപുകൾക്ക് സമീപം ജപ്പാനും ചൈനയും തമ്മിൽ വീണ്ടും കടൽ സംഘർഷം. ജാപ്പനീസ് മത്സ്യബന്ധന ബോട്ടിന് സമീപമെത്തിയ രണ്ട് ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലുകളെ തങ്ങളുടെ സമുദ്രാതിർത്തിയിൽ നിന്ന് പുറത്താക്കിയതായി ജപ്പാൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. 

ചൈനീസ് കപ്പലുകൾ ജാപ്പനീസ് മത്സ്യബന്ധന ബോട്ടിന് അപകടകരമായ രീതിയിൽ സമീപിച്ചുവെന്നാണ് ജപ്പാന്റെ ആരോപണം. ഇതിനെ തുടർന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് ഇടപെട്ട് കപ്പലുകൾ പ്രദേശം വിടാൻ നിർദേശിക്കുകയും പിന്നീട് അവയെ പിന്തിരിപ്പിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. 

അതേസമയം, ജപ്പാന്റെ ആരോപണം ചൈന തള്ളി. തർക്കപ്രദേശമായ ദിയാവു (സെൻകാകു) ദ്വീപുകൾക്ക് സമീപം നിയമാനുസൃത പട്രോളിംഗ് നടത്തുകയായിരുന്നുവെന്നും, ജാപ്പനീസ് കപ്പലുകളെയാണ് തങ്ങൾ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതെന്നുമാണ് ചൈനീസ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. 

ജപ്പാൻ നിയന്ത്രിക്കുന്ന ഈ ദ്വീപുകൾക്ക് ചൈനയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതിനാൽ മേഖലയിൽ ഇരുരാജ്യങ്ങളുടെയും കോസ്റ്റ് ഗാർഡ് കപ്പലുകൾ തമ്മിലുള്ള ഏറ്റുമുട്ടലും നയതന്ത്ര തർക്കവും പതിവായി ഉണ്ടാകാറുണ്ട്. ഏറ്റവും പുതിയ സംഭവം മേഖലയിലെ സുരക്ഷാ ആശങ്കകൾ വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.