പാകിസ്താനിൽ കൽക്കരി ഖനി സ്ഫോടനം

32 തൊഴിലാളികൾ മരിച്ചു, 10 പേർ കുടുങ്ങിക്കിടക്കുന്നു
 
World

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയ്ക്ക് സമീപമുള്ള കൽക്കരി ഖനിയിലുണ്ടായ വൻ സ്ഫോടനത്തിൽ 32 ഖനി തൊഴിലാളികൾ മരിച്ചു. ഖനിക്കുള്ളിൽ ഇപ്പോഴും 10 പേർ കുടുങ്ങിക്കിടക്കുന്നതായും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. 

മീഥേൻ വാതകം അടിഞ്ഞുകൂടിയതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെ തുടർന്ന് ഖനിയുടെ ഭാഗങ്ങൾ തകർന്നുവീണതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി. 

മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച ബലൂചിസ്ഥാൻ സർക്കാർ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.