പ്രളയബാധിതർക്കായി അസമിലും നേപ്പാളിലും സംഗീതപരിപാടികൾ

വരുമാനം മുഴുവൻ ദുരിതാശ്വാസത്തിന് നൽകുമെന്ന് വിശാൽ മിശ്ര
 
Entertainment

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഗായകനും സംഗീതസംവിധായകനുമായ വിശാൽ മിശ്ര. അസമിലും നേപ്പാളിലും പ്രത്യേക സംഗീതപരിപാടികൾ സംഘടിപ്പിക്കുമെന്നും പരിപാടികളിലൂടെ ലഭിക്കുന്ന ഓരോ രൂപയും പ്രളയദുരിതാശ്വാസത്തിനും ദുരിതബാധിതരുടെ സഹായത്തിനുമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. 

നേപ്പാളിലെയും അസമിലെയും പ്രളയദുരന്തത്തിന്റെ വ്യാപ്തി തന്നെ ഏറെ വേദനിപ്പിച്ചതായി വിശാൽ മിശ്ര സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഗീതപരിപാടികളിലൂടെ സഹായം എത്തിക്കാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിപാടികളുടെ തീയതിയും വേദിയും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും. 

നേപ്പാളിൽ അടുത്തിടെ ഉണ്ടായ കനത്ത മഴയും പ്രളയവും വൻ നാശനഷ്ടമാണ് സൃഷ്ടിച്ചത്. നിരവധി പേർ മരിക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അസമിലും ഈ വർഷം രൂക്ഷമായ പ്രളയത്തെ തുടർന്ന് വലിയ ദുരിതമാണ് നേരിട്ടത്. 

സംഗീതത്തിലൂടെ ദുരിതബാധിതർക്ക് സഹായമെത്തിക്കാനുള്ള വിശാൽ മിശ്രയുടെ തീരുമാനത്തിന് സമൂഹമാധ്യമങ്ങളിൽ പിന്തുണ ലഭിക്കുന്നുണ്ട്.