ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ്, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് ലാൽ ജോസ്
തൃശൂർ: ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നെന്നും ജനങ്ങളുടെ പണം പാഴാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കര കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽപി സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലാൽ ജോസ്.
ചേലക്കരയിൽ വികസനം വേണം. സ്കൂളുകൾ മെച്ചപ്പെട്ടു, പക്ഷേ റോഡുകൾ നന്നാക്കേണ്ടതുണ്ട്. തുടർച്ചയായ ഭരണം വരുമ്പോൾ പരാതികളുണ്ടാകും. സർക്കാരിനെതിരെ തനിക്ക് പരാതിയില്ലെന്നും ലാൽ ജോസ് പറഞ്ഞു. ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. യു ആർ പ്രദീപ് (എൽഡിഎഫ്), രമ്യ ഹരിദാസ് (യുഡിഎഫ്), കെ ബാലകൃഷ്ണൻ (ബിജെപി) എന്നിവരാണ് ഇവിടെ സ്ഥാനാർഥികൾ. മൂവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.