കുവൈറ്റ് വിഷ മദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയർന്നു, 160 പേർ ചികിത്സയിലാണ്

 
Liquior
Liquior

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. 160 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് സൂചന. കണ്ണൂർ സ്വദേശിയുൾപ്പെടെ ആറ് മലയാളികളെങ്കിലും മരിച്ചവരിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മരിച്ചവരുടെ പേരുകൾ പുറത്തുവിടുന്നതിൽ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

31 പേരെ നിലവിൽ വെന്റിലേറ്ററുകളുടെ സഹായത്തോടെ ജീവൻ നിലനിർത്തുന്നു. 51 പേരെ ഡയാലിസിസിന് വിധേയമാക്കി. 21 പേരുടെ കാഴ്ച ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെട്ടതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം കുവൈറ്റ് സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

വിഷബാധയേറ്റതായി സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന് കുവൈറ്റ് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഏകദേശം 40 ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അവരിൽ ചിലരുടെ നില ഗുരുതരമാണ്, മറ്റുള്ളവർ സുഖം പ്രാപിച്ചുവരികയാണ്.

കണ്ണൂരിലെ ഇരിണാവെയിലെ പി സച്ചിന്റെ (31) മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. നാല് വർഷം മുമ്പ് സച്ചിൻ കുവൈറ്റിൽ എത്തി. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് +96565501587 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വാട്ട്‌സ്ആപ്പ് വഴിയോ നേരിട്ടോ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.