യുദ്ധത്തിനിടെ പ്രതിരോധ നേതൃത്വ പ്രതിസന്ധി; ഫെദോറോവിനെ നീക്കിയതിൽ സെലൻസ്കിക്കെതിരെ പ്രതിഷേധം ശക്തം

 
World

റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രതിരോധമന്ത്രി മൈഖൈലോ ഫെദോറോവിനെ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. 2022-ലെ റഷ്യൻ അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര പ്രതിഷേധങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. 

പ്രതിരോധ രംഗത്ത് സാങ്കേതിക നവീകരണങ്ങൾക്കും ഡ്രോൺ യുദ്ധശേഷി വർധിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ച വ്യക്തിയെന്ന നിലയിലാണ് ഫെദോറോവിനെ പിന്തുണക്കുന്നവർ കാണുന്നത്. അദ്ദേഹത്തെ നീക്കിയ തീരുമാനം യുദ്ധകാലത്ത് സൈനിക നവീകരണങ്ങൾക്ക് തിരിച്ചടിയാകുമെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അതേസമയം, സൈന്യത്തിന്റെ പരമോന്നത കമാൻഡർ ഒലെക്സാണ്ടർ സിർസ്കിയെ മാറ്റണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. 

വർധിച്ചുവരുന്ന പ്രതിഷേധങ്ങൾക്കിടെ സെലൻസ്കി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ചുകൊണ്ടുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചെങ്കിലും ഫെദോറോവിനെ തിരിച്ചുകൊണ്ടുവരുമോയെന്ന കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല.