മയാമിയിൽ 60,000 ഡോളറിന്റെ ഡിസൈനർ വസ്ത്രങ്ങൾ മോഷ്ടിച്ചെന്ന് ആരോപണം; ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ

 
Arrested

അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ മയാമിയിൽ ആഡംബര ഡിസൈനർ വസ്ത്രങ്ങൾ മോഷ്ടിച്ചെന്ന കേസിൽ ഇന്ത്യൻ വംശജനായ 22-കാരൻ ധീർ പട്ടേൽ അറസ്റ്റിലായി. ഏകദേശം 60,000 ഡോളർ (ഏകദേശം ₹51 ലക്ഷം) വിലവരുന്ന വസ്ത്രങ്ങളാണ് ഇയാൾ മോഷ്ടിച്ചതെന്നാണ് പൊലീസ് ആരോപിക്കുന്നത്. 

മാർച്ച് 30 മുതൽ ജൂൺ ആദ്യം വരെ മയാമിയിലെ വിൻവുഡ് പ്രദേശത്തെ ആഡംബര വസ്ത്രവിൽപ്പനശാലയിൽ പലതവണ എത്തിയ പ്രതി, വസ്ത്രങ്ങൾ വിൽക്കാനെന്ന വ്യാജേന കടയിൽ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്ത്രങ്ങൾ ബാഗിൽ ഒളിപ്പിച്ച് കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവായത്. 

സ്റ്റോറിൽ നിന്ന് വിലയേറിയ വസ്ത്രങ്ങൾ നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. തുടർന്ന് പ്രതി വീണ്ടും കടയിലെത്തിയപ്പോൾ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. 

അറസ്റ്റിന് പിന്നാലെ ധീർ പട്ടേൽ മോഷണം നടത്തിയതായി സമ്മതിച്ചതായാണ് പൊലീസ് റിപ്പോർട്ട്. ഇയാൾക്കെതിരെ 'ഗ്രാൻഡ് തെഫ്റ്റ്' കുറ്റം ചുമത്തിയിട്ടുണ്ട്. 5,000 ഡോളർ ജാമ്യം ലഭിച്ചതിനെ തുടർന്ന് പിന്നീട് ഇയാൾ ജയിൽ മോചിതനായി. 

ആദ്യഘട്ടത്തിൽ മോഷണത്തിന്റെ മൂല്യം 41,550 ഡോളറാണെന്ന് പൊലീസ് കണക്കാക്കിയിരുന്നെങ്കിലും, വിശദമായ പരിശോധനയിൽ അത് 55,000 മുതൽ 60,000 ഡോളർ വരെയാകാമെന്ന് സ്റ്റോർ ഉടമ അറിയിച്ചു. സംഭവത്തിൽ മയാമി പൊലീസ് അന്വേഷണം തുടരുകയാണ്.