2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് ആയി ധ്രുവി പട്ടേൽ
വാഷിംഗ്ടൺ: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്. ഗുജറാത്തിൽ നിന്നുള്ള ധ്രുവി യുഎസിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർഥിയാണ്. എഡിസൺ ന്യൂജേഴ്‌സിയിൽ നടന്ന ചടങ്ങിൽ 2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് ആയി ധ്രുവിയെ തിരഞ്ഞെടുത്തു.
തനിക്ക് ബോളിവുഡ് നടിയാകാനും യുനിസെഫ് അംബാസഡറാകാനും ആഗ്രഹമുണ്ടെന്ന് ധ്രുവി പറഞ്ഞു. ‘മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം വിലമതിക്കാനാകാത്ത ബഹുമതിയാണ്. അത് വെറുമൊരു കിരീടമല്ല. ആഗോളതലത്തിൽ തൻ്റെ പാരമ്പര്യവും മൂല്യങ്ങളും കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള അവസരമാണിതെന്ന് കിരീടമണിഞ്ഞ ശേഷം ധ്രുവി പറഞ്ഞു. മാതാപിതാക്കളോടും രണ്ട് സഹോദരങ്ങളോടും ഒപ്പം ഹംഡൻ കണക്റ്റിക്കട്ടിലാണ് ധ്രുവി താമസിക്കുന്നത്.
സുരിനാമിൽ നിന്നുള്ള ലിസ അബ്ദുൽഹാക്കാണ് ഫസ്റ്റ് റണ്ണറപ്പ്. നെതർലൻഡ്‌സിൽ നിന്നുള്ള മാളവിക ശർമ സെക്കൻഡ് റണ്ണറപ്പായി. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള സുവാൻ മൗട്ടെറ്റാണ് മിസിസ് വിഭാഗത്തിലെ വിജയി. ബ്രിട്ടനിൽ നിന്നുള്ള സ്നേഹ നമ്പ്യാർ ഫസ്റ്റ് റണ്ണറപ്പും പവൻദീപ് കൗർ സെക്കൻഡ് റണ്ണറപ്പുമായി.
കൗമാര വിഭാഗത്തിൽ മിസ് ടീൻ ഇന്ത്യ വേൾഡ് വൈഡ് കിരീടം ഗ്വാഡലൂപ്പിൽ നിന്നുള്ള സിയേറ സുറെറ്റ് നേടി. നെതർലൻഡ്‌സിൽ നിന്നുള്ള ശ്രേയ സിംഗ്, സുരിനാമിൽ നിന്നുള്ള ശ്രദ്ധ ടെഡ്‌ജോ എന്നിവർ ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പായി. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റിയാണ് സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്.
31 വർഷമായി ഈ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കാലം നടക്കുന്ന സൗന്ദര്യമത്സരം എന്ന ബഹുമതിയും ഇതിനുണ്ട്. ഇന്ത്യൻ അമേരിക്കക്കാരായ നീലം, ധർമ്മാത്മ ശരൺ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.
മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം നേടിയത് ധ്രുവിയുടെ ആദ്യ മത്സര വിജയമല്ല. കഴിഞ്ഞ വർഷം മിസ് ഇന്ത്യ ന്യൂ ഇംഗ്ലണ്ട് കിരീടം നേടി. മിസ് വേൾഡ് അമേരിക്ക മത്സരത്തിലും അവർ ഒരു മത്സരാർത്ഥിയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ സൗന്ദര്യമത്സരങ്ങളോട് തനിക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്ന് ധ്രുവി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവൾ അവളുടെ സഹോദരങ്ങൾക്കൊപ്പം ഒരു കമ്പനിയും നടത്തുന്നു.