ഡൈനോസറുകൾക്കും 20 കോടി വർഷം മുമ്പ്; ഇംഗ്ലണ്ടിന് താഴെ പുരാതന സൂപ്പർ അഗ്നിപർവതത്തിന്റെ തെളിവ്

 
Science

ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരപ്രദേശത്തിന് അടിയിൽ 45.44 കോടി വർഷം പഴക്കമുള്ള ഭീമൻ സൂപ്പർ അഗ്നിപർവതത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ഇന്നത്തെ ഇംഗ്ലണ്ടിലെ ദി വാഷ് മേഖലയ്ക്ക് താഴെയായി മറഞ്ഞുകിടക്കുന്ന ഈ അഗ്നിപർവതം ഡൈനോസറുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതിനും 20 കോടിയിലേറെ വർഷം മുമ്പാണ് പൊട്ടിത്തെറിച്ചതെന്ന് ഗവേഷകർ കണ്ടെത്തി.

ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയും ഓസ്ലോ സർവകലാശാലയും ചേർന്നാണ് പഠനം നടത്തിയത്. നോർഫോക്കും ലിങ്കൺഷയറും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ശേഖരിച്ച ആഴത്തിലുള്ള പാറക്കുഴൽ സാമ്പിളുകളിലെ സൂക്ഷ്മ സിർക്കോൺ ക്രിസ്റ്റലുകളാണ് ഗവേഷകർ വീണ്ടും പരിശോധിച്ചത്.

ഏകദേശം 45.44 കോടി വർഷങ്ങൾക്ക് മുമ്പ് നടന്ന അതിശക്തമായ പൊട്ടിത്തെറിയിൽ നൂറുകണക്കിന് മുതൽ ആയിരം ഘനകിലോമീറ്റർ വരെ അഗ്നിപർവത വസ്തുക്കൾ അന്തരീക്ഷത്തിലേക്ക് ഉയർന്നിരിക്കാമെന്നാണ് വിലയിരുത്തൽ. ഇന്നത്തെ നോർവേ, സ്വീഡൻ, പോളണ്ട്, ബെലറൂസ്, ബാൾട്ടിക് മേഖലകൾ എന്നിവിടങ്ങളിൽ കണ്ടെത്തിയ പുരാതന അഗ്നിപർവത ചാരപ്പാളിയായ ‘കിന്നെകുള്ളെ ടെഫ്ര’യുടെ ഉറവിടം ഇതായിരിക്കാമെന്നും ഗവേഷകർ കരുതുന്നു.

അന്ന് ഇംഗ്ലണ്ട് ഇന്നത്തെ സ്ഥാനത്തായിരുന്നില്ല. ‘അവലോണിയ’ എന്ന ഭൂഖണ്ഡഭാഗത്തിന്റെ ഭാഗമായിരുന്ന ഇംഗ്ലണ്ടിനും സ്കാൻഡിനേവിയയ്ക്കുമിടയിൽ ടോർൺക്വിസ്റ്റ് സമുദ്രം നിലനിന്നിരുന്നു. അഗ്നിപർവത സ്ഫോടനത്തിൽ ഉയർന്ന ചാരം ഈ സമുദ്രം കടന്ന് പുരാതന സ്കാൻഡിനേവിയയിൽ അടിഞ്ഞുകൂടിയതായാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

ഇപ്പോൾ ഈ സൂപ്പർ അഗ്നിപർവതം പൂർണമായും നിർജീവമാണ്. അതിനാൽ ഇന്നത്തെ ഇംഗ്ലണ്ടിന് ഇത് ഒരു ഭീഷണിയല്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. എന്നാൽ ഭൂമിയുടെ ആഴത്തിലുള്ള ചരിത്രവും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ വൻ അഗ്നിപർവത പ്രവർത്തനങ്ങളും മനസ്സിലാക്കാൻ ഈ കണ്ടെത്തൽ വലിയ പ്രാധാന്യമുള്ളതാണെന്ന് ഗവേഷകർ പറയുന്നു.