ദർശനത്തിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ദിവ്യാനുഗ്രഹം; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തിളങ്ങുന്നു

പത്തനംതിട്ട: സ്വാമിയേ ശരണം അയ്യപ്പാ എന്ന പ്രാർത്ഥനയോടെ കാത്തിരുന്ന ഭക്തർക്ക് അനുഗ്രഹമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തിളങ്ങി. സന്നിധാനവും പരിസരവും മണിക്കൂറുകൾക്ക് മുമ്പേ അയ്യപ്പഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു.
വൈകിട്ട് ആറരയോടെ അയ്യപ്പനെ തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കുശേഷം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. മകരവിളക്ക് ദർശിക്കാൻ രണ്ട് ലക്ഷത്തോളം ഭക്തരാണ് ഇന്ന് ശബരിമലയിലെത്തിയത്.
വിവിധയിടങ്ങളിൽ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പന്തളത്ത് നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ വൻ സ്വീകരണം നൽകി. ദേവസ്വം പ്രതിനിധികളും അയ്യപ്പസേവാ സംഘം പ്രവർത്തകരും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് ആറ് മണിയോടെ സന്നിധാനത്തേക്ക് ആനയിച്ചു.
രാത്രി മണിമണ്ഡപത്തിൽ കളമെഴുത്ത് നടക്കും. മുന്നിൽ അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്തും നായാട്ടുവിളിയും പിന്നീട് പതിനെട്ടാംപടി. തിരുവാഭരണം ധരിച്ച അയ്യപ്പസ്വാമിയുടെ ദർശനം 17 വരെ നടത്താം.
നെയ്യഭിഷേകം 18 വരെ നടക്കും. 18ന് മണിമണ്ഡപം മുതൽ ശരംകുത്തി വരെ എഴുന്നള്ളത്ത്. 19-ന് രാത്രി 10-ന് മാളികപ്പുറത്ത് വലിയ ഗുരുതി പൂജ. 19ന് രാത്രി നട അടയ്ക്കുന്നത് വരെ ഭക്തർക്ക് ദർശനം നടത്താം.
20ന് രാവിലെ തിരുവാഭരണ പേടകം തിരിച്ച് പ്രയാണം തുടങ്ങും. തുടർന്ന് പന്തളം കൊട്ടാരം പ്രതിനിധി അയ്യപ്പസ്വാമിയുടെ ദർശനത്തിന് ശേഷം യോഗദണ്ഡ് വടിയും രുദ്രാക്ഷമാലയും അണിയിച്ച ഭസ്മത്തിൽ യോഗനിദ്രയിൽ ചാർത്തിയ ശേഷം നട അടയ്ക്കും.