'സിയയ്ക്ക് മറ്റൊരു പ്രണയമുണ്ടോ? അവൾ എപ്പോഴും ചേതനെക്കുറിച്ചാണ് പറയുന്നത്
പൂനെയിലെ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് തന്റെ പ്രതിശ്രുത വധുവായ സിയ ഗോയലിന് മറ്റൊരാളുമായി പ്രണയബന്ധമുണ്ടെന്ന സംശയം കേതൻ പിതാവിനോട് പങ്കുവെച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
സിയയുടെ ഫോൺ എപ്പോഴും തിരക്കിലായിരുന്നുവെന്നും, സംഭാഷണങ്ങൾക്കിടയിൽ 'ചേതൻ' എന്ന പേരുള്ള യുവാവിനെ അവൾ നിരന്തരം പരാമർശിക്കാറുണ്ടായിരുന്നുവെന്നും കേതൻ പിതാവിനോട് പറഞ്ഞതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിയയ്ക്ക് ചേതൻ ചൗധരിയുമായി ബന്ധമുണ്ടെന്ന സംശയം കേതന് തോന്നിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
കേതനും സിയയും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹനിശ്ചയം നടത്തിയത്. എന്നാൽ, സിയയ്ക്ക് ചേതൻ ചൗധരിയുമായി നേരത്തേ തന്നെ പ്രണയബന്ധമുണ്ടായിരുന്നുവെന്നും, നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണ് പിന്നീട് ഗൂഢാലോചനയിലേക്ക് നയിച്ചതെന്നാണ് പൊലീസ് ആരോപണം.
ലോഹഗഡ് കോട്ടയിൽ നടന്ന ട്രെക്കിങ്ങിനിടെ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. സംഭവത്തിൽ സിയ ഗോയലെയും ചേതൻ ചൗധരിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ചേർന്ന് മുൻകൂട്ടി ആസൂത്രണം ചെയ്താണ് കുറ്റകൃത്യം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
അതേസമയം, കേസിലെ പ്രതികൾക്കെതിരായ കുറ്റങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. പൊലീസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പെടെ വിവിധ വിവരങ്ങൾ പരിശോധിച്ചുകൊണ്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അധികൃതർ അറിയിച്ചു.