‘ഭയപ്പെടേണ്ട, വേദനയുണ്ട്, പക്ഷേ…’; ‘മൈസ’ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് രശ്മിക മന്ദാന
'മൈസ' (Mysaa) സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് നടി രശ്മിക മന്ദാന. ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും, വേദനയുണ്ടെങ്കിലും സുഖം പ്രാപിക്കുന്ന വഴിയിലാണെന്നും താരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഡാൻസ് രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇടുപ്പിലെ ടെൻഡണിന് ഗുരുതര പരിക്കേറ്റത്. പരിക്കിനെ തുടർന്ന് ഡോക്ടർമാർ ആറാഴ്ചത്തെ പൂർണ വിശ്രമവും തുടർന്ന് പുനരധിവാസ ചികിത്സയും നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.
“ഭയപ്പെടേണ്ട. വേദനയുണ്ട്, പക്ഷേ ഞാൻ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ അനുഭവം എന്റെ ശരീരത്തെ ഒരു യന്ത്രമെന്നല്ല, മനുഷ്യശരീരമെന്ന നിലയിൽ കൂടുതൽ കരുതലോടെ കാണണമെന്ന് എന്നെ പഠിപ്പിച്ചു,” എന്നാണ് രശ്മികയുടെ പ്രതികരണം. ആരാധകർ നൽകിയ പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും അവർ നന്ദിയും അറിയിച്ചു.
'മൈസ'യിൽ ഗോണ്ട് ഗോത്രവിഭാഗത്തിൽപ്പെട്ട യുവതിയായാണ് രശ്മിക എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്കായി താരം പ്രത്യേക പരിശീലനവും നേടിയിരുന്നു. പരിക്കിനെ തുടർന്ന് ചിത്രത്തിന്റെ ഷെഡ്യൂളിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.