മദ്യലഹരിയിലായ യുവാവ് വിമാനം മോഷ്ടിച്ച് ഹംഗറിയിലെ ആണവനിലയത്തിന് സമീപമെത്തി

 
World

ഹംഗറിയിലെ പാക്‌സ് ആണവനിലയത്തിന് സമീപം മദ്യലഹരിയിലായിരുന്ന 24കാരൻ മോഷ്ടിച്ച ചെറുവിമാനം പറത്തിയത് ആശങ്കയ്ക്കിടയാക്കി. കാലോച്ച വിമാനത്താവളത്തിൽ നിന്ന് അനുമതിയില്ലാതെ എടുത്ത സെസ്ന 172 വിമാനം ആണവനിലയത്തിന് സമീപമുള്ള നിയന്ത്രിത വ്യോമമേഖലയിൽ പ്രവേശിച്ചതോടെ സൈനിക റഡാറിൽ കണ്ടെത്തുകയായിരുന്നു. 

വിവരം ലഭിച്ചതിനെ തുടർന്ന് ഹംഗേറിയൻ വ്യോമസേന രണ്ട് ഗ്രിപൻ യുദ്ധവിമാനങ്ങളെ നിരീക്ഷണത്തിനായി അയച്ചു. ഇതിനിടെ വിമാനം പാക്‌സ് ആണവനിലയത്തിൽ നിന്ന് ഏകദേശം നാല് മൈൽ അകലെയുള്ള സൂര്യമുഖിപ്പാടത്ത് അടിയന്തരമായി ഇറങ്ങി. വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും പൈലറ്റിന് പരിക്കേറ്റില്ല. 

വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സമീപത്തെ റോഡിൽ എത്തിയ ഇയാൾ ഒരു കാറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ തടഞ്ഞ് കസ്റ്റഡിയിലെടുത്തു.

പ്രാഥമിക പരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് കണ്ടെത്തിയത്. മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. വിമാനം എങ്ങനെ മോഷ്ടിക്കാൻ കഴിഞ്ഞുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

സംഭവത്തിൽ പാക്‌സ് ആണവനിലയത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. ഹംഗറിയുടെ വൈദ്യുതി ആവശ്യത്തിന്റെ ഏകദേശം പകുതി നിറവേറ്റുന്ന പ്രധാന ആണവനിലയമാണ് പാക്‌സ്.