പത്മഭൂഷൺ നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രിക്കൊപ്പമുള്ള കുടുംബചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

 
Entertainment

ന്യൂഡൽഹി: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പത്മഭൂഷൺ ബഹുമതി ലഭിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കുടുംബസംഗമത്തിന്റെ ചിത്രങ്ങൾ നടൻ ദുൽഖർ സൽമാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ചടങ്ങിന് ശേഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് മറക്കാനാകാത്ത നിമിഷമായിരുന്നുവെന്ന് ദുൽഖർ കുറിച്ചു. 

രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാം സിവിൽ ഇൻവെസ്റ്റിച്ചർ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുയാണ് മമ്മൂട്ടിക്ക് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ സമ്മാനിച്ചത്. ചടങ്ങിൽ ഭാര്യ സുൽഫത്ത്, മകൾ സുരുമി, മരുമകൾ അമൽ എന്നിവരും ദുൽഖറിനൊപ്പം പങ്കെടുത്തു. 

ചിത്രങ്ങൾ പങ്കുവെച്ച ദുൽഖർ, "ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ നേരിൽ കാണാനും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞത് വലിയൊരു അഭിമാനവും ഭാഗ്യവുമാണ്. അസാധാരണമായ സംഭാവനകൾക്ക് അച്ഛൻ മമ്മൂട്ടി ആദരിക്കപ്പെടുന്ന നിമിഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് ഞങ്ങളുടെ കുടുംബത്തിന് ജീവിതകാലം മുഴുവൻ ഓർമ്മിക്കാവുന്ന അനുഭവമാണ്" എന്നാണ് കുറിച്ചത്. 

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമ്മൂട്ടിയെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ആശംസകൾ അറിയിച്ചു.