ലൈംഗികാതിക്രമ കേസ് പിൻവലിച്ചതിന് ആഴ്ചകൾക്കകം ഡച്ച് റഫറി റോബ് ഡീപെറിങ്ക് അന്തരിച്ചു
2026 ഫിഫ ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഡച്ച് ഫുട്ബോൾ റഫറിയായ റോബ് ഡീപെറിങ്ക് (38) അന്തരിച്ചു. അദ്ദേഹത്തിന്റെ മരണവിവരം നെതർലൻഡ്‌സ് ഫുട്ബോൾ അസോസിയേഷൻ (KNVB) സ്ഥിരീകരിച്ചു. മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഏപ്രിലിൽ ഇംഗ്ലണ്ടിൽ ഒരു കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഡീപെറിങ്കിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷവും കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ കേസ് പിന്നീട് അവസാനിപ്പിക്കുകയും അദ്ദേഹത്തിനെതിരെ തുടർനടപടികൾ ഒഴിവാക്കുകയും ചെയ്തു.
അറസ്റ്റിന് പിന്നാലെ ഫിഫ അദ്ദേഹത്തെ ലോകകപ്പ് റഫറി പാനലിൽ നിന്ന് ഒഴിവാക്കിയിരുന്നു. താൻ നിരപരാധിയാണെന്നും അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നും ഡീപെറിങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. 2017 മുതൽ ഡച്ച് എറഡിവിസിയിൽ റഫറിയായും യൂറോ 2024-ൽ VAR ഉദ്യോഗസ്ഥനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.