21 വർഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ജൂനിയർ സ്ക്വാഷ് ഫൈനലിലെത്തി അനഹത് സിങ്
Jul 25, 2026, 12:34 IST
ഇന്ത്യൻ സ്ക്വാഷ് താരം അനഹത് സിങ് ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ചു. സെമിഫൈനലിൽ ഈജിപ്തിന്റെ ബാർബ് സമേഹിനെ 11-3, 8-11, 11-4, 11-6 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ടോപ് സീഡായ അനഹത് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
2005ൽ ജോഷ്ന ചിന്നപ്പയ്ക്ക് ശേഷം ലോക ജൂനിയർ സ്ക്വാഷ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് അനഹത്. ഇതോടെ 21 വർഷമായി തുടരുകയായിരുന്ന ഇന്ത്യയുടെ കാത്തിരിപ്പിനും വിരാമമായി.
ഫൈനലിൽ അനഹത് രണ്ടാം സീഡായ ഈജിപ്തിന്റെ റുകയ്യ സലീമിനെ നേരിടും. കിരീടം നേടിയാൽ ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഡൽഹി സ്വദേശിനി സ്വന്തമാക്കും.