ജനങ്ങളുടെ അനുമതിയുണ്ടെങ്കിൽ മാത്രം രാഷ്ട്രീയത്തിലേക്ക്; പുതിയ പ്രഖ്യാപനവുമായി രാഘവ ലോറൻസ്

 
Nat
Nat
ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നടനും സംവിധായകനും നർത്തകനുമായ രാഗവാ ലോറൻസ്രാ ഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി പ്രഖ്യാപിച്ചു. എന്നാൽ അന്തിമ തീരുമാനം ജനങ്ങളുടെ അഭിപ്രായത്തിന് വിട്ടുനൽകുകയാണെന്ന് താരം വ്യക്തമാക്കി. ജനങ്ങൾ “അതെ” എന്ന് പറഞ്ഞാൽ മാത്രമേ രാഷ്ട്രീയത്തിലേക്ക് കടക്കുകയുള്ളുവെന്നും അല്ലെങ്കിൽ നിലവിൽ ചെയ്യുന്നതുപോലെ സാമൂഹിക സേവന പ്രവർത്തനങ്ങൾ തുടരുമെന്നും ലോറൻസ് പറഞ്ഞു. 
സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. “രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പണമോ പദവിയോ നേടുക എന്നത് എന്റെ ലക്ഷ്യമല്ല. എന്നാൽ ചില സാഹചര്യങ്ങൾ എന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചു,” എന്നാണ് ലോറൻസ് പറഞ്ഞത്. 
വീഡിയോ കണ്ടശേഷം ജനങ്ങൾ തങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. “നിങ്ങൾ വേണ്ടെന്ന് പറഞ്ഞാൽ ഞാൻ രാഷ്ട്രീയത്തിലേക്ക് വരില്ല. സമൂഹസേവനം തുടരും. നിങ്ങൾ പിന്തുണച്ചാൽ നിങ്ങളുടെ അനുഗ്രഹത്തോടെ ഈ യാത്ര ആരംഭിക്കാൻ ഞാൻ തയ്യാറാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി. 
തമിഴ്നാട് മുഖ്യമന്ത്രി C. Joseph Vijay ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ലോറൻസ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടുതൽ ശ്രദ്ധ നേടുന്നത്. 
സിനിമാ രംഗത്തിന് പുറമെ അനാഥ കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാ സഹായം, വിവിധ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സാമൂഹിക സേവന രംഗത്തും സജീവ സാന്നിധ്യമായ ലോറൻസിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 
രാഷ്ട്രീയത്തിലേക്ക് കടക്കുമോ, ഏത് രാഷ്ട്രീയ പ്രസ്ഥാനത്തോടൊപ്പമാകും പ്രവർത്തിക്കുക എന്ന കാര്യത്തിൽ അദ്ദേഹം ഇതുവരെ വ്യക്തത നൽകിയിട്ടില്ല. എന്നാൽ ജനങ്ങളുടെ പ്രതികരണം പരിഗണിച്ച ശേഷമാകും അടുത്ത പ്രഖ്യാപനമെന്ന് അദ്ദേഹം സൂചിപ്പിച്ചു.