ടെയ്‌ലർ സ്വിഫ്റ്റിന്റെ വിവാഹവുമായി ബന്ധപ്പെട്ട 'മാലിന്യം' പോലും വൻ വിലയ്ക്ക്; കലാകാരന് ലഭിച്ചത് ₹1.2 ലക്ഷം

 
Lifestyle

അമേരിക്കൻ പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെയും എൻഎഫ്എൽ താരം ട്രാവിസ് കെൽസിയുടെയും വിവാഹവേദിക്ക് പുറത്തുനിന്ന് ശേഖരിച്ച മാലിന്യം സ്മാരകവസ്തുവാക്കി വിറ്റ് ന്യൂയോർക്ക് കലാകാരൻ ജസ്റ്റിൻ ഗിഗ്നാക് ശ്രദ്ധനേടി. വിവാഹവേദിക്ക് പുറത്തുനിന്ന് ശേഖരിച്ച കുപ്പികൾ, സിഗരറ്റ് കുറ്റികൾ, സ്ട്രോകൾ, എയർപോഡ് അടക്കമുള്ള ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ ചെറിയ സുതാര്യ ബോക്സുകളിൽ പായ്ക്ക് ചെയ്ത് ഓരോന്നും 25 ഡോളറിന് (ഏകദേശം ₹2,100) വിൽപ്പനയ്ക്കെത്തിച്ചു. 

ആകെ 50 ബോക്സുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയത്. 24 മണിക്കൂറിനകം എല്ലാം വിറ്റുതീർന്നതോടെ കലാകാരന് 1,250 ഡോളർ (ഏകദേശം ₹1.2 ലക്ഷം) വരുമാനം ലഭിച്ചു. ടെയ്‌ലർ സ്വിഫ്റ്റിന്റെ ആരാധകരുടെ ആവേശമാണ് ഈ അപൂർവ സ്മാരകവസ്തുക്കൾക്ക് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായത്. 

വിവാഹവേദിക്കുള്ളിൽ നിന്നല്ല, മാഡിസൺ സ്ക്വയർ ഗാർഡന് പുറത്തുള്ള പൊതുനിരത്തുകളിൽ നിന്നാണ് ഈ വസ്തുക്കൾ ശേഖരിച്ചതെന്ന് ജസ്റ്റിൻ ഗിഗ്നാക് വ്യക്തമാക്കി. ന്യൂയോർക്ക് നഗരത്തിലെ സുപ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട മാലിന്യങ്ങളെ കലാരൂപങ്ങളാക്കി മാറ്റുന്ന തന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് പുതിയ ശേഖരവും ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.