ചൊവ്വയിലെ പാറകളിൽ പല ഘട്ടങ്ങളിലായി വെള്ളത്തിന്റെ സാന്നിധ്യത്തിന് തെളിവ്
ചൊവ്വയിൽ ഒരിക്കൽ വെള്ളമുണ്ടായിരുന്നുവെന്നതിന് കൂടുതൽ ശക്തമായ സൂചനകളുമായി നാസയുടെ പെർസിവറൻസ് റോവർ. ജെസീറോ ക്രേറ്ററിലെ പാറകളിൽ നടത്തിയ പഠനത്തിൽ, ഒരൊറ്റ കാലഘട്ടത്തിലല്ല, കുറഞ്ഞത് മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായി വെള്ളവുമായി രാസപ്രവർത്തനം നടന്നതിന്റെ തെളിവുകൾ കണ്ടെത്തിയതായി പുതിയ ഗവേഷണം വ്യക്തമാക്കുന്നു. പഠനം Communications Earth & Environment ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
2023 സെപ്റ്റംബറിൽ പെർസിവറൻസ് റോവർ ജെസീറോ ക്രേറ്ററിന്റെ അരികിലെത്തിയപ്പോൾ പുരാതന തടാകത്തിന്റെ അവശിഷ്ടങ്ങളായ അവസാദപാറകളായിരിക്കും അവിടെ കാണുകയെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ റോവർ കണ്ടെത്തിയത് അഗ്നിപർവത പാറകളായിരുന്നു. അവയിലെ ധാതുക്കൾ പരിശോധിച്ചതിലൂടെയാണ് വെള്ളത്തിന്റെ പ്രവർത്തനം പല ഘട്ടങ്ങളിലായി നടന്നിരിക്കാമെന്ന സൂചന ലഭിച്ചത്.
ചൊവ്വയുടെ ഭൂതകാലത്തിൽ വെള്ളം എത്രകാലം നിലനിന്നിരുന്നു, അത് എങ്ങനെയാണ് ഗ്രഹത്തിന്റെ പാറകളെയും ധാതുക്കളെയും മാറ്റിയത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കും. ചൊവ്വയിൽ ഒരിക്കൽ ജീവന് അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നോ എന്ന അന്വേഷണത്തിനും ഇത്തരം തെളിവുകൾ പ്രധാനമാണ്.
പെർസിവറൻസ് ശേഖരിക്കുന്ന പാറസാമ്പിളുകൾ ഭാവിയിൽ ഭൂമിയിലെത്തിച്ച് കൂടുതൽ വിശദമായി പഠിക്കാനാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. അതിലൂടെ ചൊവ്വയുടെ പുരാതന ജലചരിത്രത്തെക്കുറിച്ച് ഇപ്പോഴുള്ളതിനേക്കാൾ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷ.