വാടകവരുമാനം വർധിപ്പിക്കാൻ ‘അധിക നിലകൾ’; ഡൽഹി കെട്ടിട ദുരന്തത്തിൽ ഉടമകൾക്കെതിരെ ഗുരുതര ആരോപണം

 
National

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ കെട്ടിട ഉടമകൾക്കെതിരെ ഗുരുതര ആരോപണങ്ങൾ. വാടകവരുമാനം വർധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ പഴയ കെട്ടിടത്തിന് മുകളിൽ നാല് അധിക നിലകൾ നിർമിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കെട്ടിടത്തിന്റെ പഴയ അടിത്തറയ്ക്ക് അധിക ഭാരം താങ്ങാനാകില്ലെന്ന് ഉടമകൾക്ക് അറിയാമായിരുന്നുവെന്നും അന്വേഷണത്തിൽ ആരോപണമുണ്ട്. 

ഏകദേശം 50 വർഷം പഴക്കമുള്ള കെട്ടിടം പിന്നീട് പേയിങ് ഗസ്റ്റ് (PG) താമസസൗകര്യമായി മാറ്റുകയായിരുന്നു. അപകടസമയത്ത് ബേസ്മെന്റിൽ നിർമാണപ്രവർത്തനങ്ങളും നടന്നിരുന്നു. ബേസ്മെന്റിൽ വെള്ളം കെട്ടിക്കിടന്നതും നിർമാണപ്രവർത്തനങ്ങളും കെട്ടിടത്തിന്റെ ഘടനയ്ക്ക് കൂടുതൽ സമ്മർദമുണ്ടാക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. 

കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ബൻസാൽ, ഭാര്യ ഉർമിള, മകൻ അഭിഷേക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.