സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി നൽകാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ഫെഫ്ക; 24 മണിക്കൂർ സേവനം

 
Entertainment
Entertainment

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയുടെ ഭാഗമായി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) ടോൾ ഫ്രീ നമ്പർ പുറത്തിറക്കി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് ഈ നമ്പറിൽ ബന്ധപ്പെട്ട് പരാതികൾ നൽകാം. ഇന്ന് മുതൽ 24 മണിക്കൂറും സേവനം ലഭ്യമാകും. ബന്ധപ്പെടേണ്ട നമ്പർ 8590599946.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്കയുടെ എല്ലാ യൂണിയനുകളും ഈ മാസം ആദ്യവാരം യോഗം ചേർന്നിരുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പരാതികൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ഇന്ന് ഉച്ചയോടെ നമ്പർ പ്രവർത്തനം തുടങ്ങുമെന്ന് ഫെഫ്ക അറിയിച്ചു.

പരാതികൾ സ്ത്രീകൾ തന്നെ കൈകാര്യം ചെയ്യും. ഗുരുതരമായ പരാതികളിൽ നിയമനടപടി സ്വീകരിക്കും. എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും നമ്പർ പ്രദർശിപ്പിക്കും.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ലൈംഗികാതിക്രമക്കേസിലെ അഭിനേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവരണമെന്ന് ഫെഫ്ക നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും കുറ്റവാളികളെ ശരിയായ അന്വേഷണത്തിലൂടെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ ഫെഫ്ക സ്വാഗതം ചെയ്തു.

രക്ഷപ്പെട്ടവരെ പരാതി നൽകാനും നിയമനടപടി സ്വീകരിക്കാനും അവർക്ക് സാധ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കാനും ഫെഫ്കയിലെ വനിതാ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്ന് സംഘടന അറിയിച്ചു.