ഇന്തോനേഷ്യയിൽ യാത്രാ ഫെറിക്ക് തീപിടിത്തം; അഞ്ചു മരണം, 41 പേരെ കാണാതായി
Updated: Aug 2, 2026, 18:45 IST
ഇന്തോനേഷ്യയിലെ മദുര ദ്വീപിന് സമീപം കടലിൽ യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ച് അഞ്ച് പേർ മരിക്കുകയും 41 പേരെ കാണാതാവുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന 271 യാത്രക്കാരിലും ജീവനക്കാരിലും 225 പേരെ രക്ഷപ്പെടുത്തിയതായി ദേശീയ തിരച്ചിൽ-രക്ഷാപ്രവർത്തന ഏജൻസി അറിയിച്ചു.
സുരബായയിൽ നിന്ന് ദക്ഷിണ സുലവേസിയിലെ മകസാറിലേക്ക് പോവുകയായിരുന്ന മുതിയാര സെൻ്റോസ 2 എന്ന ഫെറിയിലാണ് തീപിടിത്തമുണ്ടായത്. തീ ആളിപ്പടർന്നതിനെ തുടർന്ന് നിരവധി യാത്രക്കാർ ജീവൻ രക്ഷിക്കാൻ കടലിലേക്ക് ചാടിയതായും ദൃശ്യങ്ങളിൽ കാണാം.
നാവികസേനയുടെ സഹായത്തോടെ നിരവധി രക്ഷാകപ്പലുകളും സംഘങ്ങളും ചേർന്ന് തിരച്ചിൽ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.