ലോകകപ്പ് ഫൈനലിന് പിന്നാലെ അർജന്റീനയുടെ പെരുമാറ്റത്തിൽ ഫിഫ അന്വേഷണം; പരേഡസിന്റെ നടപടിയും പരിശോധനയിൽ

 
Sports

2026 ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം അർജന്റീനൻ താരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ഫിഫ അന്വേഷണം ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്പെയിനിനെതിരായ ഫൈനൽ അവസാനിച്ച ഉടൻ നടന്ന സംഘർഷമാണ് അന്വേഷണത്തിന് വഴിവെച്ചത്. 

ഫൈനലിന് പിന്നാലെ അർജന്റീനൻ മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസ് സ്പെയിനിന്റെ എറിക് ഗാർസിയയെ കഴുത്തിൽ പിടിക്കുകയും ഗാവിയുമായി ഏറ്റുമുട്ടുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണപ്പെട്ടു. ഇതിനെ തുടർന്ന് റഫറി പരേഡസിന് ചുവപ്പ് കാർഡ് കാണിച്ചു. മറ്റ് താരങ്ങളും സംഘർഷത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 

മത്സരശേഷം താരങ്ങളുടെ പെരുമാറ്റം ഫിഫയുടെ അച്ചടക്കച്ചട്ടങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കുന്നതിനായാണ് അന്വേഷണം. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പിഴയോ സസ്‌പെൻഷനോ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.