ഫിഫ ലോകകപ്പ് 2026 ചരിത്രനേട്ടത്തിൽ; 1994ലെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ കാണികളെത്തിയ ടൂർണമെന്റ്

 
Sports

2026 ഫിഫ ലോകകപ്പ് പുതിയ ചരിത്രം കുറിച്ചു. ഗ്രൂപ്പ് ഘട്ടം പൂർത്തിയാകുന്നതിന് മുമ്പുതന്നെ ടൂർണമെന്റിലെ ആകെ സ്റ്റേഡിയം കാണികളുടെ എണ്ണം 36.05 ലക്ഷത്തിലധികം (3,605,357) ആയി ഉയർന്ന്, 1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പിന്റെ 35.87 ലക്ഷം എന്ന സർവകാല റെക്കോർഡ് മറികടന്നു. 

റെക്കോർഡ് നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ന്യൂയോർക്ക്/ന്യൂജേഴ്സിയിലെ സ്റ്റേഡിയത്തിൽ നടന്ന ജർമ്മനി–ഇക്വഡോർ മത്സരത്തിനിടെയായിരുന്നു. സ്റ്റേഡിയത്തിലെ വമ്പൻ സ്ക്രീനിൽ പുതിയ റെക്കോർഡ് പ്രദർശിപ്പിച്ചതോടെ ആയിരക്കണക്കിന് ആരാധകർ കരഘോഷത്തോടെ ആഘോഷിച്ചു. 

ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകളും 104 മത്സരങ്ങളും ഉൾപ്പെടുന്ന വിപുലമായ ഫോർമാറ്റായതിനാൽ, ടൂർണമെന്റ് അവസാനിക്കുമ്പോഴേക്കും ആകെ കാണികളുടെ എണ്ണം നിലവിലെ റെക്കോർഡിനെക്കാൾ വളരെ ഉയരുമെന്നാണ് ഫിഫയുടെ പ്രതീക്ഷ. നിലവിൽ മത്സരങ്ങളിൽ ശരാശരി 99 ശതമാനത്തിലധികം സീറ്റുകളും നിറയുന്നുണ്ട്. 

ആദ്യ ആഴ്ചകളിൽ തന്നെ പ്രതിദിന കാണികളുടെ എണ്ണത്തിലും ലോകകപ്പ് പുതിയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ജൂൺ 16-ന് നടന്ന നാല് മത്സരങ്ങൾ ചേർന്ന് 2,81,223 ആരാധകരാണ് സ്റ്റേഡിയങ്ങളിലെത്തിയത്. ഇതോടെ 1994-ൽ സ്ഥാപിച്ച പ്രതിദിന ഹാജർ റെക്കോർഡും പഴങ്കഥയായി. 

ഉയർന്ന ടിക്കറ്റ് നിരക്കും യാത്രാ നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും ലോകകപ്പിനോടുള്ള ആരാധകരുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് കായിക സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഫുട്ബോളിന്റെ ആഗോള ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവാണ് ഈ റെക്കോർഡ് നേട്ടമെന്നാണ് ഫിഫയുടെ പ്രതികരണം.