അന്തിമ യാത്ര തുടങ്ങി, എംടിയോട് വിടപറയാൻ കേരളം; വൈകിട്ട് അഞ്ചിന് സംസ്‌കരിക്കും
Dec 26, 2024, 17:00 IST
![MT](https://timeofkerala.com/static/c1e/client/98493/uploaded/f7a51f18276d6c17ecdfb464ba044631.png)
കോഴിക്കോട്: പ്രശസ്ത മലയാള സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് വിട പറയാൻ കേരളം ഒരുങ്ങി. പൊതുദർശനം അദ്ദേഹത്തിൻ്റെ വസതിയായ സിത്താരയിൽ അവസാനിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് സ്മൃതിപഥം ശ്മശാനത്തിൽ സംസ്‌കരിക്കും. സിത്താരയിൽ നിന്നാരംഭിക്കുന്ന സമാപന യാത്ര കൊട്ടാരം റോഡ് നടക്കാവ് മനോരമ ജംക്‌ഷൻ ബാങ്ക് റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വഴി ശ്മശാനത്തിലെത്തും. അനന്തരവൻ ടി സതീശനാണ് അന്ത്യകർമ്മങ്ങൾ നിർവഹിക്കുക.
നൂറുകണക്കിനാളുകൾ എംടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അനുശോചനം രേഖപ്പെടുത്തി. മലയാളത്തിനപ്പുറം വായനക്കാരെ നേടിയെടുത്ത എഴുത്തുകാരനാണ് എംടിയെന്നും ഭാഷയ്ക്കും സമൂഹത്തിനും എംടി നൽകിയ സംഭാവനകൾ തലമുറകളോളം നിലനിൽക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.