ഒഡിഷയിൽ അഞ്ച് കുഞ്ഞൻ ഒറാങ്‌ഉട്ടാനുകൾ; ഇവ എവിടെ നിന്നെത്തി? കണ്ടെത്തൽ അപൂർവമാകുന്നത് എന്തുകൊണ്ട്?
ഒഡിഷയിലെ ബാലസോർ ജില്ലയിലെ വനമേഖലയിൽ അഞ്ച് കുഞ്ഞൻ ഒറാങ്‌ഉട്ടാനുകളെ കണ്ടെത്തിയത് വനംവകുപ്പിനെയും വന്യജീവി വിദഗ്ധരെയും അമ്പരപ്പിച്ചു. സെപ്റ്റംബർ 8ന് നാട്ടുകാരാണ് ഇവയെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് സുരക്ഷിതമായി രക്ഷപ്പെടുത്തി. അഞ്ച് ഒറാങ്‌ഉട്ടാനുകളിൽ മൂന്ന് ആണും രണ്ട് പെണ്ണുമാണ്.
ഒറാങ്‌ഉട്ടാനുകൾ ഇന്ത്യയിൽ സ്വാഭാവികമായി കാണപ്പെടുന്ന ജീവികളല്ല. ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും ബോർണിയോ, സുമാത്ര ദ്വീപുകളിലെ മഴക്കാടുകളാണ്. അതിനാൽ ബാലസോറിലെ വനത്തിൽ ഇവയെ കണ്ടെത്തിയത് ഏറെ അസാധാരണമാണ്.
സ്വാഭാവികമായി ഇത്രയും ദൂരം സഞ്ചരിച്ച് ഒഡിഷയിലെത്താനുള്ള സാധ്യത വളരെ കുറവായതിനാൽ, അന്താരാഷ്ട്ര വന്യജീവി കടത്തിന്റെ സാധ്യത അധികൃതർ പരിശോധിക്കുകയാണ്. ഇവയെ അനധികൃതമായി ഇന്ത്യയിലെത്തിച്ച് ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക സംശയം. എന്നാൽ ഇവ എവിടെ നിന്നാണ് എത്തിയത്, ആരാണ് കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
രക്ഷപ്പെടുത്തിയ ഒറാങ്‌ഉട്ടാനുകളെ ഇപ്പോൾ ഭുവനേശ്വറിലെ നന്ദൻകാനൻ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി ക്വാറന്റൈനിൽ നിരീക്ഷിച്ചുവരികയാണ്. വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോയും അന്വേഷണത്തിൽ പങ്കാളിയാകുന്നുണ്ട്.