സർവീസ് ബോട്ടിനെ ചിത്രശാലയാക്കി അഞ്ചു ഫ്രാൻസ് വനിതകൾ

 
Kottayam

കുമരകം : ബോട്ടിനെ ചിത്രശാലയാക്കി ഫ്രാൻസ് ചിത്രകാരികൾ. വേമ്പനാട് കായലും കായൽത്തീര ഗ്രാമീണ ജീവിതവുമാണ് ബോട്ട് യാത്രക്കിടയിൽ ഇവർ വരച്ചു തീർത്തത്. ഫ്രാൻസ് സ്വദേശികളായ അന്ന മരിയൻ , അന്ന, സാന്ദ്ര , എവലിൻ , ബ്രിജിറ്റോ എന്നീ വനിതകളാണ് ലോക വനിതാ ദിനത്തിൽ വേറിട്ട യാത്രയുമായി എത്തിയത്. ജലഗതാഗത വകുപ്പിന്റെ മുഹമ്മ - ചീപ്പുങ്കൽ - മണിയാപറമ്പ് ബോട്ടിൽ ശനിയാഴ്ച രാവിലെയാണ് കൗതുകരമായ സംഭവം. 

കാഴ്ചകൾ നിറഞ്ഞ ജലയാത്രയാണ് മുഹമ്മ - മണിയാപറമ്പ് ബോട്ട് യാത്രയിൽ കിട്ടുന്നത്. വേമ്പനാട് കായലിന്റെ സൗന്ദര്യവും തണ്ണീർമുക്കം ബണ്ടും കണ്ട് പെണ്ണാറിലൂടെ ചീപ്പുങ്കൽ വഴി മണിയാപറമ്പിൽ എത്തുന്ന ഒന്നര മണിക്കൂർ ദൈർഘ്യമുള്ള യാത്ര. വിദേശ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ജലപാതയായി ഇവിടം മാറിക്കഴിഞ്ഞു. 

ശനിയാഴ്ച രാവിലെ 10 . 45 ഓടെ മുഹമ്മയിൽ എത്തിയ ചിത്രകാരികൾ തങ്ങൾക്ക് ബോട്ടിൽ ഇരുന്ന് ചിത്രങ്ങൾ വരയ്ക്കാൻ സൗകര്യം ചെയ്തു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷൻ മാസ്റ്റർ ഷാനവാസ്ഖാൻ്റെ നിർദേശത്തെ തുടർന്ന് എസ് - 55ാം നമ്പർ ബോട്ടിലെ ജീവനക്കാർ ചിത്ര രചനയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകി. 25ൽ അധികം ചിത്രങ്ങളാണ് ഒന്നരമണിക്കൂർ നീണ്ട യാത്രയിൽ അഞ്ചു ചിത്രകാരും ചേർന്ന് വരച്ചു കൂട്ടിയത്. 

ചിത്രരചനയ്ക്ക് സൗകര്യമൊരുക്കിയ  ജലഗതാഗത വകുപ്പ് ജീവനക്കാരായ ബോട്ട് മാസ്റ്റർ സുബാബു, ബോട്ട് സ്രാങ്ക് ആദർശ് കുപ്പപ്പുറം, ഡ്രൈവർ രാധാകൃഷ്ണൻ , ലാസ്ക്കർമാരായ അനൂപ്പ് ചീപ്പുങ്കൽ , എൽ സി പ്രമോദ് എന്നിവരെയും നന്ദി പറഞ്ഞ് മണിയാപറമ്പിൽ നിന്നും ബസ് മാർഗ്ഗം അക്ഷരനഗരിയുടെ മനോഹാരിത കാണാൻ ഇവർ യാത്രയായി.