സ്പെയിനിന് സമീപം ഒഴുകിനടന്ന ബോട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ; നിരവധി പേരെ കാണാതായതായി സംശയം

 
World

മാഡ്രിഡ്: സ്പെയിനിലെ കാനറി ദ്വീപുകൾക്ക് സമീപം കടലിൽ ഒഴുകിനടന്ന നിലയിൽ കണ്ടെത്തിയ കുടിയേറ്റ ബോട്ടിൽ അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായതായി സംശയിക്കുന്നു. 

ഗ്രാൻ കനാറിയ ദ്വീപിന് ഏകദേശം 120 കിലോമീറ്റർ തെക്ക് ഭാഗത്താണ് ബോട്ട് കണ്ടെത്തിയത്. ഗാംബിയയിൽനിന്ന് സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് പുറപ്പെട്ട ബോട്ടിൽ നൂറിലധികം ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. 

രക്ഷാപ്രവർത്തകർ 44 പേരെ ജീവനോടെ രക്ഷപ്പെടുത്തി. ഇവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമായതിനാൽ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ടവർ ഏകദേശം ഒരു മാസത്തോളം കടലിൽ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. 

യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും തീർന്നതിനെ തുടർന്ന് നിരവധി പേർ അവശരായെന്നാണ് രക്ഷപ്പെട്ടവർ പറഞ്ഞത്. മനുഷ്യാവകാശ സംഘടനയായ Walking Borders പറയുന്നതനുസരിച്ച് 83 പേർ വരെ മരിച്ചിരിക്കാമെന്നാണ് റിപ്പോർട്ട്. എന്നാൽ മരണസംഖ്യ സംബന്ധിച്ച അന്തിമ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 

കാനറി ദ്വീപുകളിലേക്കുള്ള പടിഞ്ഞാറൻ ആഫ്രിക്കൻ അറ്റ്ലാന്റിക് കടൽപാത ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതകളിലൊന്നാണെന്ന് അധികൃതരും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകി.