യുഎസിലെ ഗ്രാൻഡ് കാന്യനിൽ മിന്നൽപ്രളയം; 20ലേറെ പേരെ കാണാതായതായി റിപ്പോർട്ട്, വ്യാപക നാശനഷ്ടം

 
World

അമേരിക്കയിലെ അരിസോണയിലുള്ള ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്കിൽ ശക്തമായ മിന്നൽപ്രളയത്തെ തുടർന്ന് 20ലേറെ പേരെ കാണാതായതായി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 2.30ഓടെയാണ് ബ്രൈറ്റ് ഏയ്ഞ്ചൽ ക്രീക്കിലും ഫാന്റം റാഞ്ച് മേഖലയിലും അപ്രതീക്ഷിതമായി പ്രളയമുണ്ടായത്. 

ബ്രൈറ്റ് ഏയ്ഞ്ചൽ ക്രീക്കിലെ പാലങ്ങൾ ഉൾപ്പെടെ നിരവധി അടിസ്ഥാന സൗകര്യങ്ങൾ പ്രളയത്തിൽ തകർന്നു. വൻ പാറക്കല്ലുകളും ചെളിയും ലോഹനിർമിതികളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ശക്തമായ ഒഴുക്കിൽ കൊളറാഡോ നദിയിലേക്ക് ഒഴുകിയെത്തി. പ്രളയത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ഫാന്റം റാഞ്ചിൽ നിന്നും ലോവർ നോർത്ത് കൈബാബ് ട്രെയിലിൽ നിന്നുമായി 62 പേരെ ഇതിനകം ഹെലികോപ്റ്റർ മാർഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അതേസമയം, കാണാതായവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. 

പ്രളയത്തിൽ 46കാരനായ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി നാഷണൽ പാർക്ക് സർവീസ് അറിയിച്ചു. നേരത്തെ 20ലേറെ പേരെ കാണാതായതായി അറിയിച്ചിരുന്നെങ്കിലും പിന്നീട് എണ്ണം പുനഃപരിശോധിച്ചുവരികയാണ്. കൂടുതൽ മഴയ്ക്കും മിന്നൽപ്രളയത്തിനും സാധ്യതയുള്ളതിനാൽ പ്രദേശത്ത് ജാഗ്രത തുടരുകയാണ്.