ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ ; മെഡിക്കല്‍ കോളജിലെ 84 വിദ്യാര്‍ഥികള്‍ ചികിത്സതേടി

 
medical college
medical college

തിരുവനന്തപുരം:  മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് 84 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ചികിത്സതേടി. വ്യാഴാഴ്ച രാത്രി അത്താഴത്തിനു വിളമ്പിയ ബട്ടര്‍ ചിക്കനില്‍ നിന്നെന്നാണ് സംശയം. ചിക്കന്‍ കറിയും വിളമ്പിയിരുന്നു. ചിക്കന്‍ കറി കഴിച്ച ശേഷം അല്‍പ്പസമയത്തിനുളളില്‍ തന്നെ ഏറെ പേര്‍ക്കും ശര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അസുഖം അനുഭവപ്പെട്ട ഏറെപ്പേരും മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയതായും പറയുന്നു. വിദ്യാര്‍ഥികള്‍ തയാറാക്കിയ ലിസ്റ്റില്‍ നിന്നുമാണ് 84 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പറയുന്നത്. അസുഖം ബാധിച്ചതായി പറയുന്ന ഏതാനും പേര്‍ വീടുകളിലേയ്ക്ക് മടങ്ങിയതായി മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു. കോളജ് യൂനിയന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജിന് പരാതി നല്‍കിയതായി സൂചന. 

ആശങ്ക വേണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍

മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് ശാരീരികാസ്വസ്ഥ്യതകളുണ്ടായ സംഭവത്തില്‍ ഭക്ഷ്യവിഷബാധയാണോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ലെന്ന് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ.യു.അനൂജ അറിയിച്ചു. വിദ്യാര്‍ഥിനികള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ആശങ്ക വേണ്ടെന്നും ഡോ.അനൂജ പറഞ്ഞു. ഇക്കഴിഞ്ഞ വെളളിയാഴ്ച അഞ്ചു വിദ്യാര്‍ഥിനികള്‍ വയറിളക്ക രോഗത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു.

തുടര്‍ന്ന് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ കണ്ടെത്തിയെങ്കിലും അവര്‍ക്കാര്‍ക്കും ചികിത്സ തേടേണ്ട വിധത്തിലുളള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. 600-ലധികം വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ തയാറാക്കുന്ന ഭക്ഷണത്തിനു പുറമേ വിദ്യാര്‍ഥിനികള്‍ നേരിട്ടു പുറത്തുപോയി ഭക്ഷണം കഴിക്കാറുണ്ട്. ഭക്ഷ്യ വിഷബാധയാണെങ്കില്‍ തന്നെ ഹോസ്റ്റലില്‍ പാകം ചെയ്ത ഭക്ഷണം കഴിച്ചപ്പോഴാണോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും വ്യക്തമല്ല.

ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോസ്റ്റലില്‍ പരിശോധന നടത്തി ഭക്ഷണം തയാറാക്കുന്നതിലും ശുദ്ധമായ കുടിവെളളം നല്‍കുന്നതിലും എല്ലാ വിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല ഫുഡ് സേഫ്റ്റി , മൈക്രോ ബയോളജി , ഹൗസ് കീപ്പിങ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളും നടന്നുവരുന്നതായി ഡോ. അനൂജ അറിയിച്ചു.